കാടുകയറി കൂട്ടിക്കൽ പോലീസ് എയ്ഡ്പോസ്റ്റ്
1595480
Sunday, September 28, 2025 10:48 PM IST
കൂട്ടിക്കൽ: അവഗണനയുടെ നടുവിൽ കൂട്ടിക്കൽ പോലീസ് എയ്ഡ്പോസ്റ്റ്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിൽ വിജനമായ മലമടക്കുകൾ പോലീസിന്റെ സേവനം എത്തിച്ചുകൊണ്ടിരുന്ന കൂട്ടിക്കൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം നിലച്ചിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ്.
നൂറു സ്ക്വയർ കിലോമീറ്റർ വരെ വിസ്തൃതമായ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽനിന്ന് വാഗമണ്ണിന്റെ മലമടക്കുകളിൽവരെ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വർഷങ്ങൾക്കു മുമ്പുവരെ കുട്ടിക്കൽ എയ്ഡ്പോസ്റ്റ് പ്രവർത്തിച്ചു വന്നിരുന്നത്. കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട്, കോലാഹലമേട് പ്രദേശങ്ങളിൽ പോലീസിന്റെ സേവനം ലഭിച്ചിരുന്നത് കൂട്ടിക്കൽ എയ്ഡ്പോസ്റ്റിൽ നിന്നായിരുന്നു.
മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ അതിർത്തിപ്രദേശമായ കോലാഹലമേട്ടിൽ എത്തണമെങ്കിൽ 45 കിലോമീറ്ററിലധികം സഞ്ചരിക്കണം. കൂട്ടിക്കൽ എയ്ഡ്പോസ്റ്റിൽനിന്ന് ഏന്തയാർ ഇളങ്കാട് വഴി 25 കിലോമീറ്റർ സഞ്ചരിച്ചാൽ കോലാഹലമേട്ടിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നു. ഇത് പ്രദേശങ്ങളിൽ പോലീസിന്റെ സേവനം സുഗമമാക്കുന്നതിന് ഉപകാരപ്രദമായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് സിമി ക്യാമ്പ് നടന്ന പ്രദേശം കൂടിയാണ് ഇവിടം. നാല് പോലീസുകാരും ഒരു അഡീഷണൽ എസ്ഐയും 24 മണിക്കൂറും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ക്വാര്ട്ടേഴ്സും കുറ്റവാളികളെ പാർപ്പിക്കാനുള്ള സെല്ലുമെല്ലാം ഈ എയ്ഡ് പോസ്റ്റിൽ സജ്ജമായിരുന്നു.
പിന്നീട് കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിൽ പോലീസ് സ്റ്റേഷൻ ആവശ്യം ഉയർന്നു വരികയും ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഒന്നുമുണ്ടായില്ല.
ജീവനക്കാരുടെ കുറവ്
മുണ്ടക്കയം സ്റ്റേഷനിൽ മതിയായ ജീവനക്കാർ ഇല്ലാതായതോടെ ഇത് കൂട്ടിക്കൽ എയ്ഡ്പോസ്റ്റിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പിന്നീട് എയ്ഡ് പോസ്റ്റ് അധികാരികൾ പൂർണമായും ഒഴിവാക്കുകയായിരുന്നു.
ഇപ്പോൾ പോലീസ് എയ്ഡ്പോസ്റ്റും അനുബന്ധ ക്വാർട്ടേഴ്സുകളും എല്ലാം കാടുകയറി പൂർണമായും നാശത്തിന്റെ വക്കിൽ എത്തിയിരിക്കുകയാണ്. മുന്പ് ഇവിടെ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധശല്യം പതിവായിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഉപയോഗിച്ചിരുന്ന ഉരുപ്പടികൾ എല്ലാം മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയാണ്. അര ഏക്കറോളം വരുന്ന സ്ഥലവും അനുബന്ധ കെട്ടിടങ്ങളുമെല്ലാം ഇപ്പോൾ കാടുകയറി മൂടിയ നിലയിലാണ്. ഇതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേവാസികൾ പറയുന്നു. കാട് വെട്ടിത്തെളിച്ച് ഇവിടം പ്രവർത്തനസജ്ജമാക്കാൻ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം നവീകരിച്ച് പോലീസ് നിരീക്ഷണകേന്ദ്രമോ മറ്റ് ഏതെങ്കിലും സർക്കാർ ഓഫീസുകളോ ആയി പ്രവർത്തനം ആരംഭിക്കണമെന്ന് നിർദേശവും ഉയരുന്നുണ്ട്.