മന്ത്രിയുടെ പ്രഖ്യാപനം വീണ്ടും പാഴ്വാക്കായി; ഗതാഗതം നാളെയും തുടങ്ങാനാകില്ല
1595725
Monday, September 29, 2025 7:10 AM IST
കുമരകം: കോണത്താറ്റ് പാലം ആറുമാസത്തിനകം പുനർനിർമിക്കുമെന്ന് ഉദ്ഘാടനവേളയിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞതു പാഴ്വാക്കായതുപോലെ. കഴിഞ്ഞമാസം ഏഴിന് നാളെ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയും നടപ്പാകില്ല.
കിഫ്ബിയുടെ അവലോകന യോഗത്തിലാണ് മന്ത്രി 52 ദിവസങ്ങൾക്കുള്ളിൽ പ്രവേശനപാത നിർമാണം പുർത്തീകരിച്ച് പാലം ഗതാഗത യോഗ്യമാക്കണമെന്ന് നിർദേശിച്ചത്. നിർമാണം വൈകുന്നതിന് മഴയെ പഴിക്കുകയാണ് ഇപ്പോൾ കിഫ്ബി അധികൃതരും കോൺട്രാക്ടറും.
തുടക്കത്തിലേ കല്ലുകടി
കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നാട്ടുകാർ ശിലാഫലകത്തിൽ കണ്ടത് കാരിക്കത്തറ പാലത്തിന്റെ ഉദ്ഘാടനം എന്നാണ്. കോണത്താറ്റു പാലം എങ്ങനെ കാരിക്കത്തറ പാലമായി എന്നതിനെക്കുറിച്ച് തർക്കവും കേസും ആരംഭിച്ചു. പാലം നിർമാണത്തിനു സ്ഥലം വിട്ടുകൊടുത്ത കോണത്താറ്റ് കുടുംബക്കാർ ഹൈക്കോടതിയെ സമീപിച്ച് തെളിവുകൾ സമർപ്പിച്ചു. വാദം പൂർത്തിയായി. അടുത്തയാഴ്ച കോടതി വിധി പറയും.
നിലവിലെ അവസ്ഥ
പാലം പണിതീർന്നു മാസങ്ങൾക്കുശേഷമാണ് പ്രവേശന പാതയുടെ പ്ലാനും പദ്ധതിയുമൊക്കെ അംഗീകരിച്ചത്. കുമരകം ഭാഗത്തെ പ്രവേശന പാതയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കാതെയാണ് നിർമാണം തുടങ്ങിയത്. ഏതാനും ആഴ്ചകൾക്കു മുമ്പു മാത്രമാണ് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായത്. വൈദ്യുതിലൈനുകളും കുടിവെള്ളപൈപ്പുകളും നിർമാണത്തിന് സൃഷ്ടിച്ച പ്രതിസന്ധിയും പരിഹരിക്കാൻ ഏറെ വൈകി.
പ്രവേശന പാതയുടെ ഇരുവശങ്ങളിലും കരിങ്കൽ കെട്ടുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കോട്ടയം ഭാഗത്ത് ഒരു വശത്തു മാത്രമേ വാനം എടുത്ത് കരിങ്കൽ പാകി മണ്ണിട്ടുയർത്താൻ നിലവിൽ സാധിക്കൂ. വാഹനങ്ങൾ സഞ്ചരിക്കുന്ന താത്കാലിക പാതയ്ക്കു വീതിയില്ലാത്തതിനാൽ ഇപ്പോൾ അവിടെ നിർമാണം നടത്താൻ സൗകര്യമില്ല.
പാലത്തിന്റെ ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടിട്ടു വേണം ഈ ഭാഗത്ത് നിർമാണം നടത്താൻ. പിന്നീട് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി തടഞ്ഞ് പ്രവേശന പാത ടാറിംഗ് നടത്തുകയാണ് ലക്ഷ്യം. ചുരുക്കത്തിൽ കുമരകം നിവാസികളുടെ ദുരിതയാത്രയ്ക്ക് ഈ വർഷം അവസാനത്തോടെയേ അന്ത്യമാകൂ.
ചരിത്ര വഴികളിലൂടെ...
2017 ജൂലൈയിലാണ് റോഡ് വികസനത്തിനും പാലം നവീകരിക്കുന്നതിനും ഭരണാനുമതി ലഭിച്ചത്. ഇല്ലിക്കൽ മുതൽ കുമരകം വരെയുള്ള 13.3 കിലോമീറ്റർ റോഡ് നവീകരണത്തിനും പാലത്തിന്റെ നിർമാണത്തിനുമായി 120 കോടി രൂപയാണ് വക കൊള്ളിച്ചത്.
6.85 കോടി രൂപയായിരുന്നു പാലത്തിന് അനുവദിച്ചത്. നിർമാണം തുടങ്ങാൻ വൈകിയതോടെ 7.94 കോടിയായി ഉയർത്തി. ഇപ്പോൾ 19 കോടി രൂപയിലെത്തി നിൽക്കുന്നു. 2017-ൽ ഭരണാനുമതി ലഭിച്ചെങ്കിലും പാലത്തിന്റെ നിർമാണോദ്ഘാടനം നടത്താനായത് അഞ്ചുവർഷങ്ങൾക്കുശേഷം 2022 മേയ് 10 നാണ്. പഴയപാലം പൊളിച്ചത് നവംബർ ഒന്നിനും.
21.20 മീറ്റർ നീളവും 13 മീറ്റർ മാത്രം വീതിയുമുള്ള പാലത്തിന്റെ നിർമാണം ഭരണാനുമതി ലഭിച്ച് എട്ടുവർഷങ്ങൾ പിന്നിടുമ്പോഴും പൂർത്തിയാക്കാനാകാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് നാട്ടുകാരിപ്പോൾ.