എരുമേലി തെക്ക് വില്ലേജ് ഓഫീസ്: ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി
1595494
Monday, September 29, 2025 12:05 AM IST
എരുമേലി: ഭൂമിശാസ്ത്രപരമായ വലിപ്പംകൊണ്ടും ജനസംഖ്യ കൊണ്ടും കോട്ടയം ജില്ലയിലെ ഏറ്റവും വലുതായ എരുമേലി തെക്ക് വില്ലേജ് ഓഫീസിന് പുതുതായി നിർമിച്ച സ്മാർട്ട് ഓഫീസ് കെട്ടിടം അടുത്തമാസം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ഇരുപതു വർഷമായി എരുമേലി തെക്ക് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത് എരുമേലി ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ചെറിയ മുറിയിലായിരുന്നു. ശുചിമുറി സൗകര്യം പോലുമില്ലാത്ത ഇവിടെ വളരെ അസൗകര്യങ്ങളോടെയാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ എംഎൽഎ മുൻകൈയെടുത്ത് എരുമേലി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനോടനുബന്ധിച്ച് പത്തു സെന്റ് സ്ഥലം ലഭ്യമാക്കുകയും 50 ലക്ഷം രൂപ അനുവദിച്ച് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കുകയുമായിരുന്നു. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല.
എന്നാൽ, കെട്ടിടനിർമാണം പൂർത്തീകരണ ഘട്ടത്തിൽ എത്തിയപ്പോഴേക്കും വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ച ഭൂമി ദേവസ്വം വകയാണെന്നും ഇവിടെ വില്ലേജ് ഓഫീസ് പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജിയെത്തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലമായി കെട്ടിടം തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഭൂമിയുടെ രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി റവന്യു ഭൂമിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. തുടർന്ന് സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി സർക്കാർ ഭൂമിയാണെന്ന് ഉറപ്പുവരുത്തി നിർമാണം പൂർത്തീകരിച്ചു വരികയാണ്.
നിർമാണത്തിന്റെ പൂർത്തീകരണ പ്രവൃത്തികൾ നടന്നുവരികയാണെന്നും ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീർഥാടന ഏകോപന ചുമതല കൂടിയുള്ള എരുമേലി തെക്ക് വില്ലേജ് ഓഫീസിന്റെ പുതിയ സ്മാർട്ട് ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.