ഹരിതകര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് മാടപ്പള്ളി പഞ്ചായത്തിൽ കുന്നുകൂടുന്നു
1595739
Monday, September 29, 2025 7:23 AM IST
ക്ലീന്‍ കേരള കമ്പനി എത്താന്‍ വൈകുന്നു
ചങ്ങനാശേരി: ക്ലീന്‍ കേരള കമ്പനി യഥാസമയം പ്ലാസ്റ്റിക് ശേഖരണത്തിന് എത്തുന്നില്ല. ഹരിതകര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് മാടപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടി. പഞ്ചായത്ത് വാര്‍ഡുകളിലെ വിവിധ സ്ഥലങ്ങളില്‍ പാസ്റ്റിക് തിക്കിനിറച്ച ചാക്കുകള്‍ തള്ളുന്നത് ആളുകള്‍ക്ക് ദുരിതമായി. റോഡരികില്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളില്‍ ചിലതില്‍നിന്നു മഴക്കാലത്ത് മാലിന്യം ഒഴുകുന്നത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടിനിടയാക്കുകയാണ്.
വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി നൽകാൻ ചിലർ തയാറാകാത്തതാണ് മാലിന്യം ഒഴുകുന്നതിനും ദുർഗന്ധത്തിനും കാരണമാകുന്നത്. ഇത് നായ്ക്കളും മറ്റും കടിച്ചുവലിക്കുന്നതും പതിവാണ്.
പ്ലാസ്റ്റിക് നിക്ഷേപിക്കാന്‍ വാര്‍ഡുകളില്‍ സൂക്ഷിച്ചിരിക്കുന്ന എംസിഎഫുകള്‍ പലതും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പഞ്ചായത്തിന്റെ കൊട്ടാരംകുന്നിലുള്ള യൂണിറ്റില്‍ പ്ലാസ്റ്റിക് തരംതിരിച്ചാണ് ഹരിതകര്‍മസേനയ്ക്കു കൈമാറുന്നത്. തെങ്ങണ ജംഗ്ഷനു സമീപം എസ്ബിഐ ശാഖയ്ക്കു മുമ്പിലുള്ള മിനി എംസിഎഫിനു സമീപം പ്ലാസ്റ്റിക് നിറച്ച ചാക്കുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യമുള്ളതായി ആളുകള്‍ പറഞ്ഞു.
കുന്നേല്‍ റോഡിലെ മാലിന്യച്ചാക്കുകള്‍ ദുരിതം
മാടപ്പള്ളി പഞ്ചായത്തിലെ 20-ാം വാര്‍ഡില്‍പ്പെട്ട ചെത്തിപ്പുഴ വാര്‍ഡില്‍ കുന്നേല്‍ റോഡില്‍ ഹരിതകര്‍മസേന നിക്ഷേപിച്ച മാലിന്യശേഖരം സമീപവാസികള്‍ക്കു ദുരിതമായി. മാലിന്യച്ചാക്കില്നിന്നൊഴുകുന്ന മലിനജലം സമീപപ്രദേശങ്ങളെ ദുര്ഗന്ധപൂരിതമാക്കുകയാണ്.
വീടുകളില്‍നിന്ന് അമ്പതു ര ൂപ നിരക്കില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കാണ് ചാക്കിലാക്കി ഈ റോഡില്‍ വച്ചിരിക്കുന്നത്. അലക്ഷ്യമായി തള്ളിയ ചാക്കുകള്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച് ചിതറിക്കിടക്കുന്ന അവസ്ഥയാണ്. നായ്ക്കളുടെ ശല്യം മൂലം സ്കൂള്‍ കുട്ടികള്‍ പോലും ഈ റോഡില്‍ക്കൂടി സഞ്ചരിക്കാന്‍ ഭയപ്പെടുകയാണ്. ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്യാത്തതുമൂലം റോഡില്‍ പുല്ലും കാടും വളര്‍ന്നു നില്ക്കുന്ന അവസ്ഥ മുതലെടുത്താണ് ഹരിതകര്മസേനക്കാര് മാലിന്യം ഇവിടെ തള്ളിയിരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം ഉടനെ നീക്കും
ക്ലീന്‍ കേരള കമ്പനി അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഈ ദിവസങ്ങളില്‍ കൊട്ടാരംകുന്നിലെ തരംതിരിക്കല്‍ യൂണിറ്റിലേക്കു നീക്കും.
മണിയമ്മ രാജപ്പന്
പ്രസിഡന്റ്, മാടപ്പള്ളി പഞ്ചായത്ത്