പിഎച്ച്സികൾക്കും എഫ്എച്ച്സികൾക്കും 13.97 കോടി അനുവദിച്ചു
1595493
Monday, September 29, 2025 12:05 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പിഎച്ച്സികൾക്കും എഫ്എച്ച്സികൾക്കും കെട്ടിടങ്ങൾക്കുമായി 13.97 കോടി രൂപ അനുവദിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മണിമല, കറിക്കാട്ടൂർ, നെടുംകുന്നം, വെള്ളാവൂർ എന്നിവിടങ്ങളിലെ പുതിയ പിഎച്ച്സികൾക്ക് 1.43 ലക്ഷം രൂപ വീതവും (ആകെ 5.72 കോടി) തുടർപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കുടുംബക്ഷേമ കേന്ദ്രങ്ങളുടെ വർക്കുകളുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി 8.25 കോടി രൂപയും അനുവദിച്ചു. മൊത്തം 13.97 കോടി രൂപയാണ് ഈ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.
ഇതോടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും കുടുംബക്ഷേമ കേന്ദ്രങ്ങൾക്കും പിഎച്ച്സികൾക്കും പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ കഴിയും. സംസ്ഥാന സർക്കാരിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹായത്തോടെയാണ് നിർമാണപ്രവർത്തനം നടത്തുന്നതെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു.