വികസനം ചര്‍ച്ച ചെയ്ത് അകലക്കുന്നത്ത് വികസനസദസിനു തുടക്കം
1595501
Monday, September 29, 2025 12:05 AM IST
അകലക്കുന്നം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വികസന സദസിന്റെ ജില്ലയിലെ ആദ്യത്തെ പരിപാടിയായി അകലക്കുന്നം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കാര്‍ഷികരംഗത്തും മാലിന്യ നിര്‍മാര്‍ജന രംഗത്തും അകലക്കുന്നം പഞ്ചായത്ത് മാതൃകയാണെന്നും ഹേമലത പ്രേംസാഗര്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2021-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളിലുള്ള വികസന കാഴ്ചപ്പാടുകളും ആവശ്യങ്ങളും പൊതുജനങ്ങള്‍ വികസന സദസില്‍ ഉന്നയിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്, ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്ടോബര്‍ 20 വരെ വിവിധ ദിവസങ്ങളില്‍ നടക്കും.
വികസന സദസിലെ ചര്‍ച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന സര്‍ക്കാരിനു സമര്‍പ്പിക്കും.
ഹരിത കര്‍മസേനാംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, സിഡിഎസ് അംഗങ്ങള്‍, 2024-25 വര്‍ഷം തൊഴിലുറപ്പില്‍ 100 ദിനം പൂര്‍ത്തിയാക്കിയവര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീലത ജയന്, ജേക്കബ് തോമസ് താന്നിക്കല്‍, ജാന്‍സി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരന് നായര്‍, പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, ജോര്‍ജ് തോമസ്, കെ.കെ. രഘു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. മനോജ് കുമാര്‍, റിസോഴ്സ് പേഴ്സണ്‍ എസ്.കെ. ശ്രീനാഥ്, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.