കൂടാരം ഭവനപദ്ധതി 8-ാമത് വീടിന്റെ വെഞ്ചരിപ്പും 9-ാമത് വീടിന്റെ തലക്കല്ലിടലും ഇന്ന്
1595428
Sunday, September 28, 2025 7:23 AM IST
16 ലക്ഷം രൂപയ്ക്ക് രണ്ടു വീടുകള്‍
കടുത്തുരുത്തി: നിത്യസഹായകന് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കുന്ന ‘കൂടാരം’ ഭവനപദ്ധതിയിലെ എട്ടാമത്തെ വീടിന്റെ വെഞ്ചരിപ്പും ഒമ്പതാമത്തെ വീടിന്റെ തറക്കല്ലിടലും ഇന്നു നടക്കും. വൈകുന്നേരം 4.30 ന് ഞീഴൂര്‍ വിശ്വഭാരതി സ്കൂളിന് സമീപമാണ് ഭവനങ്ങള്‍.
മണിമല എം.സി. ജോസഫ്, തന്റെ ജീവിതപങ്കാളി വാഴപ്പറമ്പില്‍ സാറാമ്മ ജോസിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ സ്കൂളിന് സമീപത്തായി പത്ത് സെന്റ് സ്ഥലം ട്രസ്റ്റിന് കൈമാറിയിരുന്നു. എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
വാര്‍ക്കയും മറ്റു ചെലവേറിയ കാര്യങ്ങളും ഒഴിവാക്കി, 16 ലക്ഷം രൂപയ്ക്ക് രണ്ടു വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഭവനത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ച് എം.സി. ജോസഫ് തുടക്കമിട്ട സാറാമ്മ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ഈ വര്‍ഷം നഴ്സിംഗ് വിദ്യാര്‍ഥി ഹന്ന ബേബിക്ക് നല്‍കും.
പൂര്‍ത്തിയായ ഭവനത്തിന്റെ വെഞ്ചരിപ്പും നിര്‍മാണമാരംഭിച്ച ഭവനത്തിന്റെ ശിലാസ്ഥാനവും കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍, കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിസ് അമ്മനത്തുകുന്നേല്‍, ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് എന്നിവര്‍ നിര്‍വഹിക്കും.
ഭവനത്തിന്റെ താക്കോല്‍ദാനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷത വഹിക്കും.