റോഡരിക് മാലിന്യ ഡബിംഗ് ഗ്രൗണ്ടോ...?
1595498
Monday, September 29, 2025 12:05 AM IST
പാലാ: റോഡരിക് മാലിന്യ ഡബിംഗ് ഗ്രൗണ്ടാണോ എന്നു ചോദിക്കുകയാണ് കരൂര്‍ നിവാസികള്‍. മുണ്ടുപാലം-കരൂര്‍ റോഡില്‍ മീനച്ചില്‍ ലാറ്റക്സ് ഫാക്ടറിക്ക് എതിര്‍വശമുള്ള സ്വകാര്യ പുരയിടത്തില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി.
റോഡിനോടു ചേര്‍ന്ന് അല്പം താഴ്ചയുള്ള റബര്‍ത്തോട്ടത്തിന്റെ ഭാഗത്ത് ലോഡുകണക്കിന് ജൈവ-അജൈവ മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് വാഹനങ്ങളില്‍ എത്തിച്ച് തള്ളുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇത്. സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി നഗരസഭയിലുടെനീളം വൻതോതിൽ ബോധവത്കരണം നടന്നുവരുന്നതിനിടെയാണ് ഇത്തരം സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നത്.
അറവുശാല മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ തള്ളുന്നുണ്ട്. മഴ പെയ്ത് കുതിര്‍ന്ന് ചീഞ്ഞളിയുമ്പോള്‍ കടുത്ത ദുര്‍ഗന്ധവും ഉയരുന്നുണ്ട്. എതിര്‍വശത്ത് നഗരസഭയുടെ പ്ലാസ്റ്റിക് കുപ്പി ശേഖരത്തിനായുള്ള ഇരുമ്പുകൂട് സ്ഥാപിച്ചിട്ടുണ്ട്. ഇവിടേക്ക് മത്സ്യാവശിഷ്ടങ്ങളും ചത്ത എലി, ചെറു വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയും രാത്രിയുടെ മറവില്‍ വലിച്ചെറിയുകയാണ്.
കാമറ സ്ഥാപിക്കണം
പ്രദേശത്ത് കാമറാ നിരീക്ഷണം ഇല്ലാത്തതിനാലാണ് നഗര മേഖലയില്‍നിന്നു മാലിന്യങ്ങള്‍ കൂട്ടത്തോടെ വാഹനങ്ങളില്‍ ഇവിടെ കൊണ്ടുവന്ന് വലിച്ചെറിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധിത്തവണ പരാതിപ്പെട്ടിട്ടും മാലിന്യം എത്തുന്നത് തടയുന്നതിനോ തള്ളുന്നവരെ കണ്ടെത്താനോ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പല കവറുകളിലും പാലാ ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പേരുകളാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ക്കു വേണമെങ്കില്‍ ഇത് തെളിവായി സ്വീകരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാം. പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് ആരോപണം. മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.