സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ മങ്കൊമ്പില്‍ നെല്‍ക്കര്‍ഷക പ്രതിഷേധം
1595507
Monday, September 29, 2025 12:06 AM IST
ചങ്ങനാശേരി: നെല്‍ കര്‍ഷകരെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടില്‍ നടന്ന കര്‍ഷക റാലിയും സമ്മേളനവും സര്‍ക്കാരിനു താക്കീതായി. കുട്ടനാട്ടിലെ മാമ്പുഴക്കരിയില്‍ നടന്ന നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിലും റാലിയിലും നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. എം.എസ്. സ്വാമിനാഥന് നഗറില്‍ ചേര്‍ന്ന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
ഉത്പാദനച്ചെലവിന് ആനുപാതികമായി നെല്ലിന് മിനിമം താങ്ങുവില ലഭ്യമാക്കണമെന്ന് എംപി പറഞ്ഞു. കുട്ടനാട്ടിലെ നെല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി പാര്‍ലമെന്റ് സമിതിയുടെ സന്ദര്‍ശനത്തിനായി സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്, പുളിങ്കുന്ന് ഫൊറോന പള്ളി വികാരി റവ.ഡോ. ടോം പുത്തന്‍കളം, നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ്, രക്ഷാധികാരി വി.ജെ. ലാലി, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് ലാലിച്ചന്‍ പള്ളിവാതുക്കല്‍, പി.ആര്. സതീശന്, പി. വേലായുധന് നായര്‍, ജോസ് കാവനാട്, കൃഷ്ണപ്രസാദ്, സാം ഈപ്പന്, സി. പ്രഭാകരന്, സണ്ണി തോമസ്, വിശ്വനാഥപിള്ള, സന്തോഷ് പറമ്പിശേരി, സുഭാഷ്, മാത്യു തോമസ്, പി.എസ്. വേണു, കെ.ബി. മോഹനന് എന്നിവര്‍ റാലിക്കു നേതൃത്വം നല്കി.
നെല്‍കര്‍ഷകനും ചലച്ചിത്രനടനുമായ കൃഷ്ണ പ്രസാദ് രചിച്ച ഹൃദയപൂര്‍വം കര്‍ഷക നടന് എന്ന പുസ്തകം മുതിര്‍ന്ന കര്‍ഷക കല്യാണിക്ക് നല്കി പ്രകാശനം ചെയ്തു. കുട്ടനാട്ടിലെ മുതിര്‍ന്ന നെല്‍കര്‍ഷകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോസ് വെങ്ങാന്തറയെ ആദരിച്ചു. സന്തോഷ് ശാന്തി, എസ്.കൃഷ്ണകുമാര്‍, കെ. അബ്ദുള്‍ അസീസ്, കെ ചിദംബരംകുട്ടി, സാം ഈപ്പന്, സി. പ്രഭാകരന്, പി.ആര്. സതീശന് എന്നിവര്‍ പ്രസംഗിച്ചു.