കോയിപ്പള്ളി റോഡുകൾ ഒന്നിനും കൊള്ളില്ല!
1595767
Monday, September 29, 2025 11:39 PM IST
പൊൻകുന്നം: പൊൻകുന്നം-കോയിപ്പള്ളി റോഡ് തകർന്നത് ജനത്തിനു ദുരിതമായി. ബസ് സ്റ്റാൻഡ് -കോയിപ്പള്ളി റോഡും താന്നിമൂട്-കോയിപ്പള്ളി റോഡുമാണ് നാളുകളായി തകർന്നു കിടക്കുന്നത്.
ചിറക്കടവ് പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡുകളാണിത്. പൊൻകുന്നം ബസ് സ്റ്റാൻഡ്-കോയിപ്പള്ളി റോഡാണ് ഏറ്റവും കൂടുതൽ തകർന്നിരിക്കുന്നത്.
കുത്തിറക്കത്തിലും കയറ്റത്തിലുള്ള കുഴി ഒഴിവാക്കി ഇരുചക്രവാഹനങ്ങൾക്ക് പോലും ഇതുവഴി കടന്നുപോകാനാകില്ല. കാറുകളടക്കം ഇതു വഴി കടന്നുപോകുമ്പോൾ അടിഭാഗം തട്ടിയാണ് കടന്നു പോകുന്നത്. ഇത് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാൻ കാരണമാകുകയാണ്.
കുഴിയിൽനിന്ന്
കുഴിയിലേക്ക്
മഴ പെയ്ത് വെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണെങ്കിൽ കുഴി പെട്ടെന്നു ശ്രദ്ധയിൽപ്പെടില്ല. കുത്തിറക്കത്തിലുള്ള കുഴി കാണാതെ എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടി നിയന്ത്രണം വിടുന്നതും പതിവ് സംഭവമാണ്. പലപ്പോഴും ഇവിടെ അപകടങ്ങൾ ഒഴിവാകുന്നത് തലനാരിഴയ്ക്കാണെന്നു നാട്ടുകാർ പറയുന്നു. കുഴിമൂലം ഓട്ടോറിക്ഷകൾ ഓട്ടം പോകാൻ പോലും മടിക്കുന്ന സ്ഥിതിയുണ്ട്. പൊൻകുന്നത്തുനിന്നു തമ്പലക്കാട് ഭാഗത്തേക്കും തിരിച്ചും പോകാൻ നിരവധി വാഹനങ്ങൾ ആശ്രയിക്കുന്ന വഴി കൂടിയാണ് ഇത്. കൂടാതെ ഒരു കോളനിയടക്കം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളും ഈ വഴിയാണ് കടന്നുപോകുന്നത്.
ദേശീയപാതയിൽനിന്നാരംഭിക്കുന്ന താന്നിമൂട്-കോയിപ്പള്ളി റോഡിന്റെ അവസ്ഥയും വിഭിന്നമല്ല. ഈ റോഡിലെ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇവിടെ കുഴി ഒഴിവാക്കി ഒരു വാഹനത്തിനും കടന്നു പോകാനാകില്ല. എത്രയും വേഗം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാരും സംഘടനകളും.