ചെന്നൈ-ചെങ്കോട്ട ട്രെയിൻ കോട്ടയത്തേക്ക് നീട്ടി
1595435
Sunday, September 28, 2025 7:23 AM IST
ചങ്ങനാശേരി: ചെന്നൈ സെൻട്രൽ-ചെങ്കോട്ട എസി സ്പെഷൽ ട്രെയിൻ കോട്ടയത്തേക്ക് നീട്ടി.
പൂജ അവധിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ നേരത്തേ പ്രഖ്യാപിച്ച ചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് എസി സ്പെഷൽ ട്രെയിനാണിത്. ഈ ട്രെയിൻ കൊട്ടാരക്കര- കൊല്ലം വഴി കോട്ടയത്തേക്ക് നീട്ടിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
നേരത്തെ പൂജാ അവധിയുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാത്ത വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തിയ എംപി കേരളത്തിലേക്ക് അടിയന്തരമായി സ്പെഷൽ ട്രെയിനുകൾ നീട്ടണം എന്നാവശ്യം ഉന്നയിച്ചതിനെത്തുടർന്നാണ് ദക്ഷിണ റെയിൽവേ ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിച്ചിരുന്ന ട്രെയിൻ കോട്ടയത്തേക്ക് നീട്ടാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജറുമായി എംപി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അടിയന്തര ഇടപെടൽ തേടി കൊല്ലം-ചെങ്കോട്ട റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ബന്ധപ്പെട്ടിരുന്നു.
ബുധനാഴ്ചകളിൽ വൈകുന്നേരം ചെന്നൈ സെൻട്രലിൽനിന്നുമാരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ കോട്ടയത്ത് എത്തിച്ചേരും. വ്യാഴാഴ്ചകളിൽ കോട്ടയത്തുനിന്നും ചെന്നൈയിലേക്ക് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ചെന്നൈയിൽ തിരികെ എത്തും.
ട്രെയിനിന് മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ കൊട്ടാരക്കര, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.