ദക്ഷിണ മൂകാംബിയില്‍ ഇന്നു പൂജ വയ്ക്കും
1595504
Monday, September 29, 2025 12:06 AM IST
പനച്ചിക്കാട്: ദക്ഷിണ മൂകാംബിയില്‍ ഇന്ന് പൂജവയ്ക്കും. വിജയദശമി ദിനമായ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ നാലിന് പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. ഇന്ന് വൈകുന്നേരം 5.30ന് വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമി വിവേകാന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച് പരുത്തുംപാറ കവലയില്‍ എത്തിച്ചേരും.
തുടര്‍ന്ന് പരുത്തുംപാറ കാണിക്കമണ്ഡപം ചിറപ്പ് കമ്മിറ്റിയുടെയും ശ്രീ സരസ്വതി ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ സ്വീകരിക്കുകയും ഘോഷയാത്രയില്‍ പങ്കുചേരുകയും ചെയ്യും. മേളങ്ങളുടെ അകമ്പടിയോടെ വരുന്ന ഘോഷയാത്രയ്ക്ക് പനച്ചിക്കാട് കുമാരനാശാന് മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖയുടെയും എന്‍എസ്എസ് കരയോഗത്തിന്റെയും സ്വീകരണത്തിനുശേഷം 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്നതും തുടര്‍ന്ന് സരസ്വതി സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ പൂജ വയ്ക്കുകയും ചെയ്യും.