കുവൈറ്റ് ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കോട്ടയത്ത്
1595505
Monday, September 29, 2025 12:06 AM IST
കോട്ടയം: കുവൈറ്റിലെ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ എട്ട് മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥര്‍ കോട്ടയത്ത്. 10 കോടിയോളം രൂപ വായ്പ എടുത്തതിനുശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയവര്ക്കെതിരേയാണ് പരാതി. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബാങ്ക് തെളിവുകള്‍ ഹാജരാക്കുന്ന പക്ഷം പ്രതികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. 60 ലക്ഷം മുതല്‍ 1.20 കോടി രൂപവരെ ബാങ്കിന് കുടിശികയായവര്‍ ഇക്കൂട്ടത്തിലുണ്ട്. അല്‍ അലി ബാങ്ക് ഓഫ് കുവൈറ്റിലെ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയത്.
കോവിഡ് വ്യാപന സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവ് മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്. 2020ല്‍ എടുത്ത വായ്പകളുടെ മേല്‍ 2022ല്‍ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈറ്റില്‍ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്.
ബാങ്കിന്റെ പരാതിയില്‍ പറയുന്ന മേല്‍വിലാസം ഉപയോഗിച്ച് ആളുകളെ കണ്ടെത്തി അതതു സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു കോടിയില്‍ അധികം രൂപ തിരിച്ചടയ്ക്കാനുള്ള ചിലര്‍ ഇപ്പോഴും വിദേശത്താണെന്നതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് അടക്കമുള്ളവ നല്കുന്നതില് വിദഗ്ധ ഉപദേശം പോലീസ് തേടിയേക്കും.
സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ സാധൂകരിക്കാനുള്ള തെളിവ് നല്കാന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് പറഞ്ഞു. ബാങ്ക് അധികൃതര്‍ നല്കിയ തെളിവുകളില്‍ പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമാണ് കേസുകള്‍ എടുത്തിരിക്കുന്നത്.
മറ്റൊരു രാജ്യത്തെ സാമ്പത്തിക സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയായതിനാല് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സമാന സ്വഭാവത്തിലുള്ള കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.