സർജിക്കൽ ഉപകരണങ്ങളില്ല : മെഡി. കോളജിൽ കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും പ്രതിസന്ധി
1595729
Monday, September 29, 2025 7:10 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ‘ഹൃദ്യം’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും സർജിക്കൽ സാധനങ്ങൾ വാങ്ങി നൽകണമെന്ന് ആക്ഷേപം.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കു ഹൃദയവുമായി ബന്ധപ്പെട്ട രോഗമുണ്ടെങ്കിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് ഹൃദ്യം പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ സർജിക്കൽ ഉപകരണങ്ങളുടെ അഭാവം നേരിടുന്നതു കുട്ടികളുടെ സൗജന്യ ചികിത്സയെയും ബാധിക്കുന്നതായാണ് ആരോപണമുയരുന്നത്.
ശസ്ത്രക്രിയ ആവശ്യമായി വരുന്ന കുട്ടികൾക്ക് ആശുപത്രിയിലുള്ള സർജിക്കൽ ഉപകരണങ്ങൾ നൽകുന്നുണ്ടെങ്കിലും അഭാവം നേരിടുന്ന ഉപകരണങ്ങൾ തിരികെ വാങ്ങി നൽകേണ്ടിവരുന്നതായി പറയുന്നത്.
ആശുപത്രിക്കുള്ളിലെ മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതാണെങ്കിൽ അവിടെനിന്ന് ‘ഹൃദ്യം’ പദ്ധതി പ്രകാരം പണം നൽകാതെ സാധനങ്ങൾ വാങ്ങാം. എന്നാൽ ആശുപത്രിക്കുള്ളിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. അതിനാൽ ആശുപത്രിക്കു പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു വാങ്ങണം. വലിയ വിലയുള്ള സർജിക്കൽ ഉപകരണങ്ങളാണെങ്കിൽ കുട്ടികളുടെ മാതാപിതാക്കൾ പണം കണ്ടെത്താൻ വിഷമിക്കേണ്ടിവരും.
സർജിക്കൽ സാധനങ്ങളുടെ അപര്യാപ്തത കുട്ടികളെ മാത്രമല്ല, മുതിർന്ന ഹൃദ്രോഗികളെയും ബാധിക്കുന്നുണ്ട്. സർജിക്കൽ സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് പണം നൽകുന്നതിൽ കുടിശിക വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് സൂചന.
കാർഡിയോളജിക്കു പുറമേ ഓർത്തോപീഡിക്, ന്യൂറോളജി, ജനറൽ സർജറി, നെഫ്രോളജി, യൂറോളജി തുടങ്ങിയ പ്രധാന ശസ്ത്രക്രിയാ വിഭാഗങ്ങളിലെല്ലാം ഒരു വർഷമായി സർജിക്കൽ ഉപകരണങ്ങളില്ലാതെ രോഗികൾ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞദിവസം നടന്ന ജില്ലാ വികസനസമിതി യോഗത്തിൽ സമിതിയംഗമായ ടി.വി. സോണി ഇതു സംബന്ധിച്ചു പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ഹൃദയ ശസ്ത്രക്രിയ/ ചികിത്സാ സാമഗ്രികൾക്കുള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടിക്കു ജില്ലാ വികസന സമിതി യോഗം തീരുമാനമെടുത്തിട്ടുണ്ട്.