ആവേശമായി കോട്ടയം മത്സര വള്ളംകളി
1595409
Sunday, September 28, 2025 7:13 AM IST
താഴത്തങ്ങാടി: കോട്ടയം താഴത്തങ്ങാടി ആറ്റില്‍ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ക്കുശേഷം 124-ാമത് കോട്ടയം മത്സരവള്ളംകളിയുടെ ഭാഗമായി ചെറുവള്ളങ്ങളുടെ മത്സരം അരങ്ങേറി. ഇരുട്ടുകുത്തി രണ്ടാം തരത്തില്‍ താണിയേല്, ദി ഗ്രേറ്റ് ദാനിയേലിനെ പരാജയപ്പെടുത്തി. വെപ്പ് രണ്ടാം തരത്തില്‍ പിജി കരീപ്പുഴ ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനക്കാരെ തര്‍ക്കത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ചില്ല.
ഒന്നാംതരം ചുരുളന്‍ വള്ളങ്ങളുടെ അത്യന്ത്യം വാശിയേറിയ മത്സരത്തില്‍ ബിബിസി കുമരംകരിയുടെ വേലങ്ങാടന്‍, നൈനാടനെ പരാജയപ്പെടുത്തി ട്രാേഫി നേടി. മൂഴി മൂന്നാം സ്ഥാനത്തും എത്തി. ഒന്നാം തരം ഇരുട്ടുകുത്തി വിഭാഗത്തില്‍ തുരുത്തിത്തറയെ പിന്നിലാക്കി പുളിങ്കുന്ന് ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ മൂന്നുതൈക്കന് വിജയിച്ചു. ഒന്നാംതരം വെപ്പു വിഭാഗത്തില്‍ ട്രോഫി നേടിയത് തുരുത്തിത്തറ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നെപ്പോളിയനാണ്. ന്യൂ സ്റ്റാര്‍ ബോട്ട് ക്ലബ്ബിന്റെ ഷോട്ട് പുളിക്കത്തറയെയാണ് നെപ്പോളിയന് ഒരു തുഴപ്പാടിന് പിന്നിലാക്കിയത്.
ജലോത്സവത്തിന് മുന്നോടിയായി കളക്ടര്‍ ചേതന്‍ കുമാര്‍ മീണ പതാക ഉയര്‍ത്തി. തുടര്‍ന്ന് ചുണ്ടന് വള്ളങ്ങളുടെ മാസ്ഡ്രില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഫ്ളാഗ് ഓഫ് ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന് മത്സരം ഉദ്ഘാടനം ചെയ്തു. വള്ളംകളിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീര്‍ പ്രകാശനം ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു.
ജനറല്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ്, ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ് മുന്‍ പ്രസിഡന്റ് വി.ബി. ബിനു, സാജന് പി. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്കുള്ള ട്രോഫികളും ചെക്കുകളും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് സമ്മാനിച്ചു. മഴയും വെയിലും മാറി മാറി വന്ന അന്തരീക്ഷത്തില്‍ നടത്തിയ കോട്ടയം ജലോത്സവം സംഘാടക മികവുകൊണ്ട് കുറ്റമറ്റതായി.