ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് 6.5 ലക്ഷം തട്ടിയയാൾ അറസ്റ്റില്‍
1595742
Monday, September 29, 2025 7:23 AM IST
ചങ്ങനാശേരി: ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയയാൾ അറസ്റ്റില്‍. ആലപ്പുഴ നൂറനാട് പാറ്റൂര്‍ മോളിഭവനം അനീഷിനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ദേവസ്വം ബോര്‍ഡില്‍ തനിക്കു പരിചയക്കാരുണ്ടെന്നും അതുവഴി എളുപ്പത്തില്‍ ദേവസ്വം ബോര്‍ഡിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി തരപ്പെടുത്തി നല്‍കാമെന്നും തൃക്കൊടിത്താനം സ്വദേശികളായ ദന്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിൽ സ്ഥിരം ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് ഇവരില്‍നിന്ന് പലപ്പോഴായി 6.50 ലക്ഷം രൂപ അനീഷ് കൈക്കലാക്കി.
തിരികെ പണമോ, ജോലിയോ ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ദമ്പതികള്‍ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണം നടത്തിയ തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ സബ് ഇന്‍സ്പെക്ടര്‍ ജിജി ലൂക്കോസ്, സിപിഒമാരായ ശ്രീകുമാര്‍, ബിജു പി., മണികണ്ഠന് എന്നിവരടങ്ങിയ പോലീസ് സംഘം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.