കുട്ടനാട്ടിലേക്കൊരു കായല്‍യാത്ര ആയാലോ...
1595815
Tuesday, September 30, 2025 12:16 AM IST
കോട്ടയം: പ്രകൃതിയെ അറിഞ്ഞ്, നാട്ടിന്‍പുറത്തെ ജീവിതവും രുചികളും ആസ്വദിക്കാന്‍ കുട്ടനാട്ടിലേക്കൊരു കായല്‍യാത്ര ആയാലോ... തയാറെങ്കില്‍ അതിന് നമ്മുടെ സ്വന്തം ആനവണ്ടിയുണ്ട്. കുറഞ്ഞ ചെലവില്‍ പ്രത്യേക പാക്കേജാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസി പദ്ധതി നടപ്പാക്കുന്നത്.
കായലും വയലും പാതിരാമണലും കുമരകം പക്ഷിസങ്കേതവും സാഹസികര്‍ക്കായി കയാക്കിംഗ് കേന്ദ്രങ്ങളും കള്ളുചെത്തല്‍, കയര്‍ നിര്‍മാണം, പരമ്പരാഗത മീന്‍പിടിത്തം എന്നിവയും യാത്രയില്‍ ആസ്വദിക്കാം. രാവിലെ എട്ടിന് കോട്ടയത്തുനിന്ന് ബസ് പുറപ്പെടും. 11ന് കുമരകത്തുനിന്ന് ബോട്ടുയാത്ര ആരംഭിക്കും. 90 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ മുകളിലത്തെ നില (30 സീറ്റുകള്‍ 500 രൂപ), താഴത്തെ നില (60 സീറ്റുകള്‍ 400 രൂപ).
ആദ്യ സ്റ്റോപ്പ് മുഹമ്മ പാതിരാമണല്‍. ഇവിടെ 30 മിനിറ്റ് ചെലവഴിക്കും. കുടുംബശ്രീ ഒരുക്കുന്ന ഉച്ചഭക്ഷണം (100 രൂപ) ബോട്ടിനുള്ളില്‍ ലഭിക്കും. കരിമീന്‍ ഫ്രൈ അടങ്ങിയ സ്പെഷല്‍ മെനുവും ആവശ്യാനുസരണം ഒരുക്കും. തുടര്‍ന്ന് കുമരകത്തിന്റെ തീരപ്രദേശങ്ങള്‍, റാണി, ചിത്തിര, മാര്‍ത്താണ്ഡം തുടങ്ങിയ കായല്പ്പരപ്പുകള്വഴി തിരിച്ച് കുമരകത്ത് എത്തുന്ന തരത്തിലാണ് യാത്ര.
കെടിഡിസിയുമായി യോജിച്ചാണ് കെഎസ്ആര്‍ടിസി പദ്ധതി നടപ്പാക്കുന്നത്. അടുത്തയാഴ്ചയോടെ യാത്രാപാക്കേജ് റെഡിയാകും.