രാമപുരത്തെ സാംസ്കാരിക ഘോഷയാത്ര ആവേശമായി
1595502
Monday, September 29, 2025 12:06 AM IST
രാമപുരം: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ രാമപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ മാര്‍ ആഗസ്തീനോസ് കോളജിന്റെയും എക്സ് സര്‍വീസ് മെന്‍ അസോസിയേഷന്റെയും മറ്റു സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ "അരങ്ങ് 2025' സാംസ്കാരിക ഘോഷയാത്ര ആവേശമായി.
ടൂവീലര്‍ ഫാന്‍സിഡ്രസ്, പൂക്കള മത്സരം, ഫാന്‍സിഡ്രസ് മത്സരം, രാമപുരത്തെ കലാകാരന്മാർ അണിനിരന്ന കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി നടത്തിയ ഘോഷയാത്ര വീക്ഷിക്കാന്‍ റോഡിന്റെ ഇരു വശങ്ങളിലും ധാരാളം ആളുകള്‍ എത്തിയിരുന്നു.
ഇന്നലെ വൈകുന്നേരം രാമപുരം അമ്പലം ജംഗ്ഷനില്‍നിന്നു താളമേളങ്ങളോടെ അകമ്പടിയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. വാഹന ഘോഷയാത്രയും ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും രാമപുരം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് റോസറി ഗ്രാമത്തിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
സാംസ്കാരിക സമ്മേളനം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ രാമപുരം യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജയിംസ് അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കന്, ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ലിസമ്മ മത്തച്ചന്, വി.എ. ജോസ് ഉഴുന്നാലില്‍, ആര്.വി.എം. പ്രമോദ്, കെ.കെ. ജോസ്കരിപ്പാക്കുടിയില്, ഷാജി ആറ്റുപുറം, ബ്രിന്‍സി ടോജോ പുതിയിടത്തുചാലില്‍, കേണല്‍ കെ.എന്‍.വി. ആചാരി, നാരായണന് കാരനാട്ട്, ടോമി കുറ്റിയാങ്കല്‍, വി.സി. പ്രിന്‍സ്, വിജയന് വീനസ് എന്നിവര്‍ പ്രസംഗിച്ചു.