ളാലം തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹമെന്ന് ബന്ധുക്കള്‍
1595500
Monday, September 29, 2025 12:05 AM IST
പാലാ: ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ യുവാവിനെ ളാലം തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി(28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് നാലു പേരെ ചോദ്യം ചെയ്തത്. ഇക്കഴിഞ്ഞ 19നാണ് ളാലം തോട്ടില്‍ റോബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബൈക്കപകടത്തില്‍ പരിക്കേറ്റ് പാലായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുഹൃത്തിന് കൂട്ടിരിക്കാനാണ് ജിത്തു പാലായില്‍ എത്തിയത്. ഉടന്‍ വരാമെന്നു പറഞ്ഞു പാലായ്ക്കു പോയ ജിത്തുവിനെ കാണാത്തതിനെത്തുടര്‍ന്നു സുഹൃത്ത് വിളിച്ചപ്പോള്‍ മറ്റൊരാളാണു ഫോണ്‍ എടുത്തതെന്നു പരാതിയില്‍ പറയുന്നു. ളാലം തോട്ടില്‍ കെഎസ്ആര്‍ടി സി ഡിപ്പോയ്ക്കു പിന്നിലായി ഇഞ്ചപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയായിരുന്നു.
ജിത്തുവിന്റെ ബൈക്ക് ബിവറേജസ് ഷോപ്പിനു സമീപത്തുനിന്നു ലഭിച്ചിരുന്നു. ഇവിടെ ബൈക്ക് നിര്‍ത്തിയശേഷം ജിത്തു ആരോടൊപ്പമാണു ളാലം തോടിന്റെ തീരത്തേക്കു പോയതെന്നാണു പോലീസ് അന്വേഷിക്കുന്നത്. ഈ പ്രദേശത്ത് രാത്രിയും പകലും മദ്യപാനികള്‍ തമ്പടിക്കാറുണ്ട്. ഇവിടെ മദ്യപിക്കാനെത്തിയവരെയാണ് പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ജിത്തു ഇവിടെയിരുന്നു കരയുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിനു നല്കിയ മൊഴി.
തോടിന്റെ തീരത്തിരുന്ന് ജിത്തു ചിലരോടൊപ്പം മദ്യപിച്ചിരുന്നതായാണു പോലീസ് പറയുന്നത്. മുങ്ങിമരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടെന്നും പോലീസ് പറയുന്നു.