"ഐ ലവ് വൈക്കം’ പദ്ധതി നാടിനു സമർപ്പിച്ചു
1595426
Sunday, September 28, 2025 7:23 AM IST
വൈക്കം: "എന്റെ നഗരം സുന്ദര നഗരം' എന്നപേരിൽ വൈക്കം വലിയകവലയിൽ വൈക്കം ലയൺസ് ക്ലബ് നടത്തിയ സൗന്ദര്യവത്കരണ പദ്ധതി "ഐ ലവ് വൈക്കം' നാടിനു സമർപ്പിച്ചു.
രണ്ടരലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ പദ്ധതി സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈക്കം വലിയകവലയിൽ നടന്ന യോഗത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ബി. ജയകുമാർ അധ്യക്ഷത വഹിച്ചു.
വൈക്കം വലിയകവലയിലെ സ്റ്റ്യാച്ചു ജംഗ്ഷനാണ് ലയൺസ് ക്ലബ് സൗന്ദര്യവത്കരിച്ചത്. ഇവിടെ ഗതാഗതം തിരിച്ചുവിടുന്നതിനായി കോൺക്രീറ്റുചെയ്ത് തിരിച്ചിരിക്കുന്ന ഭാഗത്ത് പ്ലാസ്റ്റിക് പുല്ലുവിരിച്ച് കമനീയമാക്കിയ ശേഷം "ഐ ലവ് വൈക്കം' എന്ന സൈൻ ബോർഡും സ്ഥാപിച്ചു. സൗന്ദര്യവത്കരിച്ച കവലയിൽ പ്രദേശവാസികളും യാത്രികരുമടക്കമെത്തി ഐ ലവ് സെൽഫി പോയിന്റിൽ ചേർന്നുനിന്ന് ഫോട്ടോ എടുക്കാൻ തിരക്കു കൂട്ടുകയാണ്.
ഇനി സോളാർ ലൈറ്റുകൾകൂടി സ്ഥാപിച്ച് സ്റ്റാച്യു ജംഗ്ഷനിൽ വെള്ളിവെളിച്ചം വിതറി വൈക്കത്തെ കൂടുതൽ പ്രകാശമാനമാക്കാനാണ് വൈക്കം ലയൺസ് ക്ലബ് ഭാരവാഹികളുടെ തീരുമാനം.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വിന്നിഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം നഗരസഭാ കൗൺസിലർമാരായ കെ.ബി. ഗിരിജാകുമാരി, രാജശേഖരൻ, ബി. ചന്ദ്രശേഖരൻ, ലേഖ ശ്രീകുമാർ, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ മാത്യു കെ. ജോസഫ്, സോൺ ചെയർമാൻ വി.വി. സുരേഷ്കുമാർ, സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻ നായർ, പ്രോജക്ട് കോ-ഓർഡിനേറ്റർ ജോബികുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.