വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം: എസ്എംവൈഎം
1595762
Monday, September 29, 2025 11:39 PM IST
പാലാ: ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് നിയമനം നല്കുന്നതില് ക്രൈസ്തവ മാനേജ്മെന്റുകള്‍ തടസം നില്‍ക്കുന്നുവെന്ന് ധ്വനിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന തികച്ചും തെറ്റിദ്ധാരണാജനകമെന്ന് എസ്എംവൈഎം പാലാ രൂപത. കോടതിവിധി അനുസരിച്ചും സര്‍ക്കാരിന്റെ ഉത്തരവുപ്രകാരവും നിശ്ചിത ശതമാനം ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ മാറ്റിവച്ചിട്ടുണ്ട്. എന്നിട്ടും അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ ശാഠ്യം പിടിക്കുന്നത് അപലപനീയമാണ്.
ഈ വിഷയങ്ങള്‍ ഉന്നയിക്കുമ്പോളെല്ലാം വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂര്‍വമായ മറുപടി അംഗീകരിക്കാനാവില്ല. അധ്യാപകരും തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണെന്നും സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണെന്നും എത്രയും വേഗം അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ അധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റോബിന് താന്നിമല, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റർ നവീന സിഎംസി, വൈസ് പ്രസിഡന്റ് ജോസഫ് തോമസ്, ബില്‍ന സിബി, ബെനിസണ്‍ സണ്ണി, എഡ്വിന് ജെയ്സ്, സിസ്റ്റർ ആന്‍സ് എസ്എച്ച്, സിസ്റ്റര്‍ നിര്‍മല്‍ തെരേസ് എന്നിവര്‍ പ്രസംഗിച്ചു.