കാർഷികപ്പെരുമ സമ്മാനിച്ച് കോഴാ ഫെസ്റ്റ്
1595506
Monday, September 29, 2025 12:06 AM IST
കുറവിലങ്ങാട്: കാർഷികപ്പെരുമയിൽ നിറഞ്ഞ് നാട്. കൃഷി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന കോഴാ ഫാം ഫെസ്റ്റ് രണ്ട് ദിനരാത്രങ്ങൾ പിന്നിട്ടപ്പോൾ വിനോദവും വിജ്ഞാനവും തേടി ആയിരങ്ങളാണ് എത്തിയത്.
ആദ്യദിനത്തിൽ സെമിനാറും ഉദ്ഘാടനവുമായി ആഘോഷമായിരുന്നു. രണ്ടാംദിനത്തിൽ തൊഴിലാളികളും ഉദ്യോഗസ്ഥരും ചേർന്ന സംഗമം വേറിട്ട അനുഭവമായി മാറി. ഓർമകൾ പങ്കുവച്ച് പഴയ സഹപ്രവർത്തകർക്കൊപ്പമായിരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായെന്ന് പെൻഷൻകാരായ തൊഴിലാളികൾ പറഞ്ഞു.
തൊഴിലാളി സംഗമം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ജോ ജോസ്, തൊഴിലാളി യൂണിയൻ നേതാക്കളായ സദാനന്ദശങ്കർ, സണ്ണി ചിറ്റക്കോടം തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് ചേറ്റിലോട്ടവും ഫുട്ബോളും
ഉഴുതുമറിച്ച പാടത്ത് ഫുട്ബോൾ കളിക്കാൻ തയാറായി ആറ് ടീമുകൾ. ഹരിതാരവത്തിന്റെ ഭാഗമായി ഇന്നാണ് മഡ് ഫുട്ബോൾ നടക്കുന്നത്. ഇന്ന് 11.45ന് കോഴായിലെ സംസ്ഥാന സീഡ്ഫാം പാടത്താണ് മത്സരം. രാവിലെ 10ന് ചേറ്റിലോട്ടമത്സരവും ഒരുക്കിയിട്ടുണ്ട്. കാർഷിക അറിവുകൾ സമ്മാനിക്കുന്ന സെമിനാറും മൂന്നാംദിനമായ ഇന്ന് നടക്കും.