മാലിന്യത്തില്‍നിന്ന് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
1595768
Monday, September 29, 2025 11:39 PM IST
കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളെ വീടുകളിലെ അലങ്കാര വസ്തുക്കളാക്കി മാറ്റാന്‍ പദ്ധതി തയാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടത്തിയ ബ്ലോക്കുതല ശുചിത്വോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ജെ. മോഹനന് അധ്യക്ഷത വഹിച്ചു. ബിഡിഒ എസ്. സജീഷ്, പ്രിന്‍സിപ്പൽ സിസ്റ്റര്‍ ധന്യ റോസ്, വനിതാക്ഷേമ ഓഫീസര്‍ സി. പ്രശാന്ത്, ജനറല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ കെ.എ. അജേഷ് കുമാര്‍, റിസോഴ്സ് പേഴ്സണ്‍ സജിമോന്‍ എന്നിവർ പ്രസംഗിച്ചു.
വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ പാഴ്വസ്തുകളില്നിന്നു വിവിധ കലാരൂപങ്ങള്‍ തയാറാക്കി പ്രദര്‍ശിപ്പിച്ചു. ഏറ്റവും മികച്ച ആര്ട്ട്വര്ക്കിന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും ഇടക്കുന്നം ഗവ. എച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിന് പേട്ട ഗവ. എച്ച്എസും എരുമേലി സെന്റ് തോമസ് എച്ച്എസും അർഹരായി. തുടര്‍ന്ന് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, മാലിന്യങ്ങളും പാഴ്വസ്തുക്കളും തെരുവിലും പുഴകളിലും വലിച്ചെറിയാതെ നാടും തോടും മനോഹരമാക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ സെമിനാറും നടന്നു.