വെള്ളമെവിടെ? കിഴതടിയൂർ ചോദിക്കുന്നു
1595761
Monday, September 29, 2025 11:39 PM IST
പാലാ: നഗരസഭയിലെ കിഴതടിയൂര്‍ പ്രദേശത്ത് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം നിലച്ചിട്ട് 15 ദിവസം. പരാതി പറഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
പ്രശ്നപരിഹാരത്തിനു നഗരസഭ ടാങ്കറുകളില്‍ കുടിവെള്ളം ഈ മേഖലകളില്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും പൈപ്പിൽ കുടിവെള്ളം കിട്ടുന്നതുപോലെ സുഗമമല്ല കാര്യങ്ങൾ. രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹാരം വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ കുടുംബങ്ങള്‍ ഈ മേഖലയിലുണ്ട്. ഇവരാണ് ഏറെ വിഷമിക്കുന്നത്. ടാങ്കുകളില്‍ എത്തിക്കുന്ന കുടിവെള്ളം ശേഖരിക്കാനും വീട്ടിലെ ടാങ്കുകളില്‍ എത്തിക്കാനുമൊക്കെ പലർക്കും കഴിയുന്നില്ല. നഗരസഭയുടെ ടാങ്കറുകള്‍ എത്തുന്ന സമയത്തു വീട്ടില്‍ ആളുകള്‍ കാത്തിരിക്കണമെന്നതാണ് പ്രധാന പ്രശ്നം. ടാങ്കറുകളിൽ കൊണ്ടുവരുന്ന വെള്ളം ശേഖരിച്ചു ചുമന്നുകൊണ്ടുപോകണമെന്നത് പ്രായമായവരെയും രോഗികളെയും ബുദ്ധിമുട്ടിക്കുകയാണ്.
ഇപ്പ ശര്യാക്കും എന്നു പറഞ്ഞു
ചോദിക്കുമ്പോഴെല്ലാം ഉടന്‍ ശരിയാക്കുമെന്നാണ് അധികൃതരുടെ വാദം. ഇപ്പോള്‍ത്തന്നെ 15 ദിവസം കഴിഞ്ഞു. നഗരസഭ വാഹനത്തില്‍ എത്തിച്ചു കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും അതു ശരിയായ പരിഹാരമല്ല. തകരാര്‍ പരിഹരിച്ച് എത്രയം വേഗം വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണം പുനരാരംഭിക്കണം.
ജോസ് ഇടേട്ട് (വാര്‍ഡ് കൗണ്‍സിലര്‍)
തകരാർ കണ്ടെത്താൻ ശ്രമം
കുടിവെള്ള വിതരണ പൈപ്പുകളില്‍ വന്ന ബ്ലോക്കാണ് പ്രശ്നം. ഡ്രെയ്നേജില്‍ ചെളി നീക്കം ചെയ്തപ്പോള്‍ അതു പൈപ്പില്‍ കയറി ബ്ലോക്ക് ആയതാണെന്നു കരുതുന്നു. കുടിവെള്ള വിതരണ പൈപ്പ് പോകുന്ന പല സ്ഥലങ്ങളിലും കുഴിച്ചുനോക്കി തകരാര്‍ കണ്ടുപിടിക്കാന്‍ ഊര്‍ജിതശ്രമം നടത്തുന്നുണ്ട്.
വാട്ടർ അഥോറിറ്റി