ആശുപത്രിറോഡ് കിടപ്പിലായി; പെടാപ്പാടിൽ രോഗികൾ
1595201
Sunday, September 28, 2025 2:58 AM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും വലയ്ക്കുന്നു. ടാറിംഗ് തകര്‍ന്ന റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നവീകരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
ജനറല്‍ ആശുപത്രി പ്രവേശന കാവാടം മുതല്‍ അത്യാഹിത വിഭാഗം വരെയുള്ള ഭാഗത്തെ 300 മീറ്ററോളം ദൂരമാണ് ടാറിംഗ് തകര്‍ന്നത്. പഴയ അത്യാഹിത വിഭാഗം വരെ ഇന്റര്‍ലോക്ക് ഇട്ടിട്ടുണ്ടെങ്കിലും മുന്നോട്ട് പുതിയ ആശുപത്രി കെട്ടിടത്തിലേക്കു പോകുന്ന റോഡ് തകര്‍ന്ന നിലയിലാണ്. ഈ ഭാഗങ്ങളിലും ചെറിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
കിടപ്പുരോഗികളുടെ സ്ഥിതി
കിടപ്പുരോഗികളെ കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലന്‍സും ഈ കുഴികളില്‍ ചാടി വേണം പോകാന്‍. അത്യാഹിതമുണ്ടായാല്‍ ഈ ഭാഗത്തുകൂടി വേഗത്തില്‍ പോകാനും കഴിയില്ല.
ദേശീയപാതയില്‍നിന്ന് ആശുപത്രി റോഡിലേക്കു പ്രവേശിക്കുന്നയിടം പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ഇടവേളകളില്ലാതെ വാഹനങ്ങളോടുന്ന ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ ആശുപത്രി റോഡിലേക്കു പ്രവേശിക്കുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ദേശീയപാതയില്‍നിന്ന് ആശുപത്രിയിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് അശാസ്ത്രീയമായ രീതിയില്‍ റോഡ് നിര്‍മിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നതിൽ ഏറെയുമെന്നു പ്രദേശത്തെ ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ദിവസനേ നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റോഡ് നവീകരിക്കാന്‍ അടിയന്തര നടപടിവേണമെന്നാണ് ആവശ്യം.