വൈദ്യുതിലൈനിലെ പണിക്കിടെ കരാർ തൊഴിലാളിക്ക് ഷോക്കേറ്റു
1595202
Sunday, September 28, 2025 2:58 AM IST
പൊൻകുന്നം: ബിഎസ്എൻഎൽ വളപ്പിലെ ട്രാൻസ്ഫോർമറിനോടു ചേർന്നുള്ള വൈദ്യുതിലൈനിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളിക്കു സാരമായി പൊള്ളലേറ്റു. പൊൻകുന്നം മണമറ്റത്തിൽ സുഭാഷിനാണ് (കൊച്ച്-40) പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലിന് പൊൻകുന്നം രാജേന്ദ്രമൈതാനം - ടൗൺഹാൾ റോഡിൽ തകരാർ പരിഹരിക്കുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ് കുടുങ്ങിക്കിടന്ന ഇയാളെ സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാർക്ക് താഴെയെത്തിക്കാനായില്ല. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റംഗങ്ങളെത്തിയാണ് സുഭാഷിനെ താഴെയെത്തിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
എൽടി ലൈനും കെവി ലൈനും കടന്നുപോകുന്നിടത്ത് കെവി ലൈൻ ഓഫ് ചെയ്യാതെ ജോലി ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടം നടന്ന ഉടൻതന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. മേലുദ്യോഗസ്ഥർ ആരും സ്ഥലത്തില്ലായിരുന്നു. ബിഎസ്എൻഎൽ വളപ്പിലെ ട്രാൻസ്ഫോർമറിലേക്ക് എത്തണമെങ്കിൽ ഗേറ്റ് തുറക്കണമെങ്കിലും അതു ചെയ്തിട്ടില്ല.
മതിലിനു മുകളിലൂടെ കയറി വൈദ്യുതിത്തൂണിൽ കയറുകയായിരുന്നു. എന്തെങ്കിലും തകരാർ പരിഹരിക്കാൻ കയറുന്നുവെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും സാധാരണ ചെയ്യാറുളളതുപോലെ ഗേറ്റിന്റെ താക്കോൽ വാങ്ങിയിട്ടില്ലെന്നു ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു.