ദേശീയപാത; പുതിയ കണ്‍സള്‍ട്ടന്‍സി ടെന്‍ഡര്‍ ഒക്ടോബര്‍ 17നു തുറക്കും
1595208
Sunday, September 28, 2025 2:58 AM IST
കോട്ടയം: ദേശീയപാത 183 ചെങ്ങന്നൂര്‍ മുതല്‍ കുമളിവരെയുള്ള നവീകരണത്തിനു വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ പുതിയ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുന്നതിനുള്ള ടെന്‍ഡര്‍ ഒക്ടോബര്‍ 17ന് തുറക്കും. ഡിപിആര്‍ തയാറക്കുന്നതിനു മുമ്പ് എംപിമാരുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തും.
പുതിയ കണ്‍സള്‍ട്ടന്‍സി വരുമ്പോള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ദേശീയ പാത അധികൃതര്‍ ജില്ലാവികസന സമിതിയോഗത്തില്‍ വ്യക്തമാക്കി.ജില്ലയില്‍ ഓടകള്‍ നിറഞ്ഞു റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അതു പരിഹരിക്കുന്ന രീതിയില്‍ റോഡു നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയാറാക്കണമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍ദേശിച്ചു.
ഇരുപത്തിയാറാം മൈല്‍ പാലത്തിന്റെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കാനും പ്രദേശവാസികള്‍ക്കും കച്ചവടക്കാര്‍ക്കുമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഡിസൈന്‍ പുതുക്കണമെന്ന ഡോ. എന്‍. ജയരാജിന്റെ നിര്‍ദേശം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു.
മഴക്കാലത്ത് റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശങ്ങള്‍ ലംഘിച്ചു പൊളിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആവശ്യപ്പെട്ടു.
ഇറഞ്ഞാല്‍ തിരുവഞ്ചൂര്‍ റോഡിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷത വഹിച്ചു. എഡിഎം എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ പ്രതിനിധി ടി.വി. സോണി എന്നിവര്‍ പങ്കെടുത്തു.