താഴത്തങ്ങാടി ചാമ്പ്യന്‍സ് ബോട്ട് ലീഗ്: കപ്പടിച്ച് വീയപുരം
1595211
Sunday, September 28, 2025 2:59 AM IST
താഴത്തങ്ങാടി: ചാമ്പ്യന്‍സ് ബോട്ട് ലീഗ് താഴത്തങ്ങാടി വള്ളംകളിയില്‍ (കോട്ടയം മത്സര വള്ളംകളി) കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് ജേതാവ്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടനാണ് രണ്ടാംസ്ഥാനം. പുന്നമട ബോട്ട്ക്ലബ് തുഴഞ്ഞ നടുഭാഗംചുണ്ടന് മൂന്നാമതെത്തി. മൂന്നു ഹീറ്റ്സുകളിലായി ഒന്‍പത് ചുണ്ടന്‍വള്ളങ്ങളാണു താഴത്തങ്ങാടിയില്‍ മാറ്റുരച്ചത്.
ചെറുവള്ളങ്ങളുടെ മത്സരത്തില്‍ വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ തിരുവാര്‍പ്പ് ബോട്ട് ക്ലബ്ബിന്റെ നെപ്പോളിയന് ഒന്നാമതെത്തി. കാഞ്ഞിരം ന്യൂ സ്റ്റാറിന്റെ ഷോട്ട് പുളിക്കത്തറയ്ക്കാണ് രണ്ടാംസ്ഥാനം.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ കൊണ്ടാക്കല്‍ ബോട്ട് ക്ലബ്ബിന്റെ പി.ജി. കരിപ്പുഴ ജേതാക്കളായപ്പോള്‍ അറുപറ ബോട്ട് ക്ലബ്ബിന്റെ ചിറമേല്‍ തോട്ടുകടവന്‍ രണ്ടാം സ്ഥാനത്തെത്തി. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ പുളിങ്കുന്ന് ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ മൂന്നു തൈക്കനും ചെന്നിത്തല ടൗണ്‍ ബോട്ട ക്ലബ്ബിന്റെ തുരുത്തിത്തറയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ കൊറുംകോട്ട കെബിസിയുടെ താണിയന്‍ ദ ഗ്രേറ്റ് ജേതാക്കളായപ്പോള്‍ സിറ്റി ബോട്ട് ക്ലബ്ബിന്റെ ഡാനിയേല്‍ രണ്ടാം സ്ഥാനം നേടി. ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ കുമരംകരി ബിബിസിയുടെ വേലങ്ങാടന്‍, വേളൂര്‍ പുളിക്കമറ്റം ബോട്ട് ക്ലബ്ബിന്റെ കോടിമത, കുമരകം തോപ്പില്‍ പിബിസിയുടെ മൂഴിഎന്നിവ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങളിലെത്തി. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പതാക ഉയര്‍ത്തി. വള്ളംകളിയുടെ സുവനീര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രകാശനം ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ്, നഗരസഭാംഗങ്ങളായ ഷേബ മര്‍ക്കോസ്, ജിഷ ജോഷി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി വി.ബി. ബിനു, വള്ളംകളി ജനറല്‍ കണ്‍വീനര്‍ സുനില്‍ ഏബ്രഹാം, സെക്രട്ടറി സാജന് പി. ജേക്കബ്, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷഫീക്ക് ഫാളില്‍ മന്നാനി എന്നിവര്‍ പങ്കെടുത്തു.
വിജയികള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. വള്ളംകളിയോടനുബന്ധിച്ച് കോട്ടയം ബസേലിയസ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ജങ്കാറില്‍ ലഹരിവിരുദ്ധ സന്ദേശ പരിപാടി നടത്തി.
വീയപുരത്തിന് വിജയത്തുടര്‍ച്ച
താഴത്തങ്ങാടി: കോട്ടയം താഴത്തങ്ങാടി ആറ്റില്‍ ഇന്നലെ നടന്ന ആവേശോജ്വല മത്സരത്തില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് കിരീടം ചൂടി. ഈ വര്‍ഷം നേടുന്ന തുടര്‍ച്ചയായ മൂന്നാമത് വിജയമാണിത്. ആലപ്പുഴ നെഹ്റു ട്രോഫിയിലും കൈനകരിയിലെ സിബിഎല്‍ മത്സരത്തിലും കാഴ്ചവച്ച തുഴക്കരുത്ത് താഴത്തങ്ങാടിയിലും അവര്‍ ആവര്‍ത്തിച്ചു.
കഴിഞ്ഞ വര്‍ഷം വരെ അപരാജിതരായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെ കേവലം 209 മൈക്രോ സെക്കന്‍ഡിനു പിന്നിലാക്കിയാണ് വീയപുരം വിജയം നേടിയത്. സിബിഎല്‍ അഞ്ചാം സീസണിലെ രണ്ടാമത് മത്സരത്തില്‍ താഴത്തങ്ങാടിയാറ്റില്‍ കുതിച്ചുപാഞ്ഞ ഒമ്പതു ചുണ്ടന് വള്ളങ്ങളും ഇരു കരകളിലും തിങ്ങിനിറഞ്ഞ വള്ളംകളി ആരാധകരെ കോരിത്തരിപ്പിച്ച പ്രകടനം കാഴ്ചവച്ചു.
മുന്നു ഫീറ്റ്സുകളിലായി നടത്തിയ മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനീഷ് ചെയ്ത മൂന്നു ചുണ്ടനുകളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. മൂന്നു മിനിറ്റ് 18.089 മൈക്രോ സെക്കന്‍ഡ് കൊണ്ട് വീയപുരം ഫിനീഷ് ചെയ്തപ്പോള്‍ മുന്ന് മിനിറ്റ് 18.280 മൈക്രോ സെക്കന്‍ഡില്‍ മേല്‍പ്പാടം രണ്ടാം സ്ഥാനക്കാരായി. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് മൂന്ന് മിനിറ്റ് 19.673 മൈക്രോ സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തും ഫിനീഷ് ചെയ്തു.
നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് ലൂസേഴ്സ് ഫൈനലില്‍ വിജയിച്ച് നാലാം സ്ഥാനത്തും കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പന്‍ ചുണ്ടന് അഞ്ചാംസ്ഥാനവും കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടന് ആറാം സ്ഥാനവും സ്വന്തമാക്കി. കാരിച്ചാല്‍, ചെറുതന, ചമ്പക്കുളം എന്നീ ചുണ്ടനുകളാണ് യഥാക്രമം ഏഴും എട്ടും ഒമ്പതും സ്ഥാനക്കാരായത്.