മെഡി. കോളജ് വികസനസമിതി യോഗം വിളിക്കുന്നില്ല; യുഡിഎഫ് പ്രതിനിധികൾ പ്രതിഷേധത്തിൽ
1595403
Sunday, September 28, 2025 7:13 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം വിളിച്ചുകൂട്ടാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകാത്തതിൽ വികസനസമിതിയിലെ യുഡിഎഫ് പ്രതിനിധികൾ പ്രതിഷേധത്തിൽ. വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കളക്ടർ ചെയർമാനായി സൊസൈറ്റി ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നതാണ് ആശുപത്രി വികസനസമിതി.
ജില്ലയിൽനിന്നുള്ള എംപിമാരും എംഎൽഎമാരും മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യം, പിഡബ്ല്യുഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് അധ്യാപകരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ആശുപത്രി വികസന സമിതി ജനറൽ ബോഡി.
സൊസൈറ്റി ജനറൽ ബോഡി യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചുചേർക്കണമെന്നാണ് ചട്ടം. എന്നാൽ, 2023 ഏപ്രിൽ 14നുശേഷം നാളിതുവരെ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം വിളിച്ചുചേർത്തിട്ടില്ലെന്ന് യുഡിഎഫ് പ്രതിനിധികൾ ആരോപിച്ചു. ഇതു സംബന്ധിച്ചു മുമ്പ് കളക്ടർക്ക് പരാതി നൽകിയിരുന്നതാണ്.
വികസന സമിതിയുടെ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് അംഗീകാരം നേടാതെ സൊസൈറ്റി പ്രവർത്തനം തുടരുന്നത് സൊസൈറ്റിയുടെ നിലനിൽപ്പിനെപ്പോലും ചോദ്യം ചെയ്യുന്നതാണെന്നും യുഡിഎഫ് ആരോപിച്ചു. ഇത് ആശുപത്രിയുടെ ദൈനംദിന വികസന പ്രവർത്തനങ്ങളെയും രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നതാണ്.
വർഷങ്ങളായി എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഉപയോഗിച്ചാണ് ആശുപത്രിയുടെ ഭരണം നിർവഹിക്കുന്നത്. ആശുപത്രിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേട് പുറത്തു വരാതിരിക്കാനാണ് ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കാത്തതെന്നാണ് യുഡിഎഫ് പ്രതിനിധികളുടെ ആരോപണം. ആശുപത്രിയിൽ രാഷ്ട്രീയ താത്പര്യം നോക്കി താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഊന്നൽ നൽകുന്നതെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ജൂലൈ മൂന്നിന് ശുചിമുറിക്കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആശുപത്രി വികസനസമിതി ജനറൽ ബോഡി യോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും യോഗം വിളിച്ചുകൂട്ടാൻ തയാറായിട്ടില്ല.
ആശുപത്രി വാർഡിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന കൂട്ടിരിപ്പുകാരിയുടെ മുകളിലേക്ക് വാർക്കപ്പാളി അടർന്നുവീണ് അപകടമുണ്ടായത് കഴിഞ്ഞയാഴ്ചയാണ്.
ഈ സാഹചര്യത്തിൽ ആശുപത്രി വികസനസമിതി ജനറൽ ബോഡിയോഗം അടിയന്തരമായി വിളിച്ചുകൂട്ടണമെന്നാണ് ആശുപത്രി വികസന സമിതിയിലെ യുഡിഎഫ് അംഗങ്ങളായ ജോബിൻ ജേക്കബ്, കെ.പി. പോൾ, അസീസ് കുമാരനല്ലൂർ, റോയ് മൂലേക്കരി, ടിംസ് തോമസ് എന്നിവർ ആവശ്യപ്പെടുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ സാമഗ്രികളുടെ അഭാവം പരിഹരിക്കണമെന്ന്
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി ഓർത്തോ, ന്യൂറോ സർജറി, ജനറൽ സർജറി, നെഫ്രോളജി, യൂറോളജി തുടങ്ങിയ പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങളിൽ ഒരു വർഷമായി സർജിക്കൽ സാധനങ്ങൾ ഇല്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയംഗം അഡ്വ. ടി.വി. സോണി വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിൽ ഹൃദയ ചികിത്സാ സാമഗ്രികൾക്കുള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണം. രണ്ടു വർഷത്തിലധികമായി മെഡിക്കൽ കോളജ് വികസന സമിതി യോഗം ചേർന്നിട്ടില്ലെന്നും അദ്ദേഹം യോഗത്തിൽ കുറ്റപ്പെടുത്തി.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം ഉടൻ വിളിച്ചുകൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ യോഗത്തെ അറിയിച്ചു. ആർപ്പൂക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിനു സമീപത്തു കാടു പിടിച്ചതിന് ഉടൻ പരിഹാരമുണ്ടാക്കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു.