ഓണ്‍ലൈൻ ലോട്ടറി: ചാഴൂർ സ്വദേശിനി അറസ്റ്റിൽ
1588217
Sunday, August 31, 2025 7:51 AM IST
അന്തിക്കാട്: ഓണ്‍ലൈൻ സമാന്തര ലോട്ടറിക്കച്ചവടം നടത്തിവന്ന സ്ത്രീ അറസ്റ്റിൽ. ചാഴൂർ സ്വദേശിനി പുത്തൻ വീട്ടിൽ സാജിത(45)യാണ് അറസ്റ്റിലായത്. അനധികൃതമായി ഓണ്‍ലൈൻവഴി സമാന്തര ലോട്ടറിക്കച്ചവടം നടത്തിവരുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് സാജിത പിടിയിലായത്.
കഴിഞ്ഞദിവസം ഇവർ താമസിക്കുന്ന വീട്ടിൽ പോലീസ് സംഘം നടത്തിയ പരിശോധനയിൽ സാജിതയുടെ മൊബൈൽഫോണിൽ വാട്സ്ആപ് വഴി പ്രവർത്തിക്കുന്ന അനധികൃത ലോട്ടറി ഗ്രൂപ്പുകൾ കണ്ടെത്തി. നൂറുകണക്കിനുപേർ അംഗങ്ങളായിരുന്ന നിരവധി ഗ്രൂപ്പുകളിൽ അഡ്മിനായും മെംബറായും സാജിത പ്രവർത്തിച്ചുവരികയായിരുന്നു. ഇവരുടെ നേതൃത്വത്തിൽ വലിയതോതിൽ സാന്പത്തിക ഇടപാടുകൾ നടക്കുന്നതായും കണ്ടെത്തി. പ്രതിയുടെ മൊബൈൽഫോണ്‍, മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ പാസ് ബുക്കുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സരിൻ, എസ്ഐ അഫ്സൽ, പോലീസുകാരായ കൃഷ്ണകുമാർ, രതീന്ദ്രൻ മുത്താംപറന്പിൽ, ടെസി, ആഷിഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.