ഇടുപ്പിലൂടെ ഇരുന്പുദണ്ഡ് തുളച്ചുകയറിയ യുവാവിനു പുതുജീവനേകി അമല
1588804
Wednesday, September 3, 2025 1:11 AM IST
തൃശൂർ: കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നു താഴേക്കുവീണ് ഇരുന്പുഗോവണിയുടെ കൂർത്ത ഭാഗം ദേഹത്തു തുളച്ചുകയറിയ ഇരുപത്തൊന്നുകാരനു രണ്ടാംജന്മമേകി അമല ആശുപത്രി. ചങ്ങരംകുളം ആടനകത്ത് സാദിക് അലിക്കാണ് അമല ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.
ഇലക്ട്രിക് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സാദിക് അലി അബദ്ധത്തില്‍ പിടിവിട്ട് താഴേക്കു വീണപ്പോൾ വന്നുപതിച്ചതു സാദിക് അലിതന്നെ ചാരിവച്ചിരുന്ന ഇരുമ്പുഗോവണിയിലേക്കാണ്. വീഴ്ചയുടെ ആഘാതത്തില്‍ ഗോവണിയുടെ ഒരു വലിയ കമ്പിയുടെ കൂര്‍ത്തഭാഗം ഇടുപ്പിന്റെ പിന്‍ഭാഗത്തുകൂടി തുളച്ച് വയറിലൂടെ പുറത്തേക്കു വന്നു.
തുളച്ചുകയറിയനിലയിലുള്ള ഗോവണി ബാക്കി ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് സാദിക് അലിയെ അമലയിലെത്തിച്ചത്. തുടർന്നുനടത്തിയ ശസ്ത്രക്രിയയിലൂടെ യുവാവ് ജീവിതത്തിലേക്കു തിരിച്ചെത്തുകയായിരുന്നു.
അമല ഓര്‍ത്തോ വിഭാഗത്തിലെ ഡോ.ശ്യാം മോഹന്‍, ഡോ. ടോണി, സര്ജന് ഡോ. രൂപ്ജിത്ത്, അനസ്തറ്റിസ്റ്റുമാരായ ഡോ. ജോണ്‍, ഡോ. മിഥുന്, ഡോ. മീനു എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. സാദിക് അലി സുഖം പ്രാപിച്ചുവരുന്നു.