യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും ഗതാഗതനിയന്ത്രണം
1588809
Wednesday, September 3, 2025 1:11 AM IST
പട്ടിക്കാട്: ദേശീയപാതയിൽ യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും ഗതാഗതനിയന്ത്രണം. പീച്ചിറോഡ് ജംഗ്ഷനിലെ മേൽപ്പാത ഇറങ്ങുന്ന ഭാഗത്തു തൃശൂർ ഭാഗത്തേക്കാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
നേരത്തേ പാണഞ്ചേരി വരെ ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ ഇനി പീച്ചിറോഡ് ജംഗ്ഷൻ മുതൽ സർവീസ് റോഡിലൂടെ വേണം മുടിക്കോടുവരെ എത്താൻ.
തകർന്നുതരിപ്പണമായ സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കാതെയാണ് നിർമാണക്കമ്പനി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പീച്ചിറോഡ് ജംഗ്ഷൻ മുതൽ മുടിക്കോടുവരെ രണ്ടര കിലോമീറ്ററോളം ദൂരം തകർന്ന സർവീസ് റോഡിലൂടെ വേണം ആയിരക്കണക്കിനു വാഹനങ്ങൾക്കു ദിവസവും കടന്നുപോകാൻ.
യാത്രക്കാരുടെ ദുരിതം നേരിൽ കണ്ടിട്ടും ഇക്കാര്യത്തിൽ ഇടപെടാൻ പോലീസ് ഉദ്യോഗസ്ഥരോ മറ്റ് അധികാരികളോ തയാറാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു.