ഓണവിപണിയിൽ താരമാകാൻ ചെങ്ങാലിക്കോടൻ കുലകൾ
1588341
Monday, September 1, 2025 1:38 AM IST
സെബി മാളിയേക്കൽ
തൃശൂർ: ഓണവിപണിയിൽ താരമാകാൻ ചെങ്ങാലിക്കോടൻ കുലകളൊരുക്കി വി.കെ. മോഹനൻ കാർഷിക സംസ്കൃതി കൂട്ടായ്മയിലെ പുല്ലഴി ആലാട്ട് ചന്ദ്രൻ. ഇദ്ദേഹത്തിന്റെ മുള്ളൂർക്കരയിലെ ഒന്നര ഏക്കർ കൃഷിയിടത്തിലാണ് ഓണം സ്പെ ഷലായ എണ്ണൂറോളം ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം മുതൽ ചെറിയ രീതിയിൽ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഓണവിപണി ലക്ഷ്യമിട്ടാണ് അഞ്ഞൂറോളം കുലകൾ വെട്ടാനുള്ളത്.
""ആദ്യമൊക്കെ കിലോയ്ക്ക് 75 രൂപ നിരക്കിലാണ് കിട്ടിയത്. ഇപ്പോൾ 100 വരെയായി. ഓണത്തിനു കാഴ്ചക്കുലകളായി കൊ ണ്ടുപോകാൻ വരുന്നവർ ചിലപ്പോൾ മോഹവില തരും. 12 -13 കിലോ തൂക്കമേ എന്റെ കൃഷിയിടത്തിലെ ചെങ്ങാലിക്കോടൻകുലകൾക്കുള്ളൂ. ജൈവവളമാണു പ്രധാനമായും ഉപയോഗിക്കുന്നത്. അത്യാവശ്യത്തിനുമാത്രമാണു പൊട്ടാഷ് പ്രയോഗം. അതുകൊണ്ടുതന്നെ തൂക്കം അല്പം കുറവാണ്. രാസവളം ഉപയോഗിച്ചാൽ തൂക്കം കൂടുതൽ കിട്ടും. പക്ഷേ, ജൈവ ഉത്പന്നങ്ങൾ തേടിവരുന്നവരെ നാം കബളിപ്പിക്കാൻ പാടില്ലല്ലോ’’- ചന്ദ്ര ൻ പറഞ്ഞു.
തൃശൂരിന്റെ
സ്വകാര്യ അഹങ്കാരം
തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ എരുമപ്പെട്ടി, വേലൂർ, വരവൂർ, വടക്കാഞ്ചേരി, മുള്ളൂർക്കര, കൈപ്പറന്പ് പ്രദേശങ്ങളിലാണ് ചെങ്ങാലിക്കോടൻ വാഴ പ്രധാനമായും കൃഷിചെയ്യുന്നത്. ഉരുണ്ടതും ഏണുകൾ ഇല്ലാത്തതും ആകർഷകമായ സ്വർണനിറം ഉള്ളതുമാണ് ചെങ്ങാലിക്കോടൻ പഴം.
കായ പഴുത്തുവരുന്പോൾ ഗോൾഡൻ യെല്ലോ കളറിൽ ചുവപ്പുരാശിയിൽ ഒരു കരപോലെ ഉണ്ടാകും. ഇതാണ് ഇവയ്ക്ക് മറ്റു നേന്ത്രവാഴക്കുലകളെക്കാൾ ഭംഗി നൽകുന്നത്. അതുകൊണ്ടുതന്നെ ഗുരുവായൂർ ഉൾപ്പടെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഓണക്കാലത്തു കാഴ്ചക്കുലകളായി ഉപയോഗിക്കുന്നതു ചെങ്ങാലിക്കോടനാണ്. അതുകൊണ്ടുതന്നെ "കാഴ്ചക്കുലകളിലെ രാജാവ്' എന്ന വിളിപ്പേരും ഉണ്ടിതിന്. മറ്റിനങ്ങളെക്കാൾ തേനൂറും രുചിയും നല്ല മണവും പ്രത്യേകതകളാണ്.
""വാഴ കുലച്ച് ഒരുമാസം കഴിയുന്പോഴേക്കും കുടപ്പൻ ( കൊപ്ര ) ഒടിച്ച് വാഴയിലകൾ (വാഴക്കൈ)കൊണ്ട് പൊതിഞ്ഞുകെട്ടും. അതിനുമുകളിലായി ചാക്കിട്ടുമൂടും. ഭംഗി കിട്ടുന്നതിന്റെ പ്രധാന രഹസ്യമിതാണ്. കിളികളിൽനിന്നു സംരക്ഷണം കിട്ടുന്നതോടൊപ്പം കായ പൊട്ടാതിരിക്കാനും ഇത് ഉപകരിക്കും. കാഴ്ചക്കുലകൾക്കുവേണ്ടി പ്രത്യേകം നിർത്തുന്ന കുലകളുടെ കുടപ്പൻ ഒടിക്കാറില്ല.’’- ചന്ദ്രന്റെ കൃഷി ഉപദേഷ്ടാവും മൂന്നു പതിറ്റാണ്ടിലധികമായി ചെങ്ങാലിക്കോടൻ കർഷകനുമായ പപ്പേട്ടൻ ( മേലൂട്ട് പദ്മനാഭൻ) പറഞ്ഞു.
സവിശേഷ ശ്രദ്ധ,
പരിചരണം
മറ്റു നേന്ത്രവാഴകളെ അപേക്ഷിച്ച് കൂടുതൽ പരിചരണം വേണ്ട ഇനമാണ് ചെങ്ങാലിക്കോടൻ. 12 - 14 അടി ഉയരമേ വരൂ. പെട്ടെന്ന് കീടബാധ ഉണ്ടാകാനിടയുള്ള ഇനമാണിത്. ഒരുതരം കറുത്ത വണ്ട് പിണ്ടിയിൽ വന്നു കുത്തും. ഇതിലൂടെ പിണ്ടിപ്പുഴു അകത്തുകടന്നാൽ അതു കുലവരെ ചെന്നെത്തും. അതിനാൽതന്നെ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഓരോ വാഴയുടെ അരികിലും എത്തണം. ഭാര്യ പ്രീതിയും മൂത്തമകൻ ആദർശും ചന്ദ്രനോടൊപ്പം കൃഷിയിടത്തിലെപ്പോഴുമുണ്ട്. ഇളയമകൻ അഭിനന്ദിന് ഐടി മേഖലയിലാണു ജോലിയെങ്കിലും അച്ഛന്റെ കാർഷികസംരംഭങ്ങൾക്കു പൂർണ പിന്തുണയേകുന്നു.