ബില്ലുകള്‍ നല്കാത്തതിനാൽ കരാറുകാര്‍ നിര്‍മാണപ്രവൃത്തികള്‍ എറ്റെടുക്കുന്നില്ല
1588545
Tuesday, September 2, 2025 12:58 AM IST
ഇരിങ്ങാലക്കുട: ഇനി കഷ്ടിച്ച് രണ്ടുമാസം മാത്രമേയുള്ളൂ. ജീവിച്ച് പോട്ടെ. എത്രയും വേഗം ബില്ലുകള്‍ കൊടുക്കണം - പറയുന്നത് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്. അപേക്ഷിക്കുന്നത് നഗരസഭയിലെ എന്‍ജിനീയറിംഗ് വിഭാഗത്തോട്. വാര്‍ഡുകളിലെ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയുടെ ക്ലൈമാക്സിലായിരുന്നു ഈ വാക്കുകള്‍.
ബില്ലുകള്‍ സമയത്തിന് ലഭിക്കാത്തതുകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാന്‍ കരാറുകാര്‍ തയാറാവുന്നില്ലെന്നും ദയനീയമായ അവസ്ഥയാണെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍തന്നെ പറയുകയാണെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ പറഞ്ഞു.
ഒന്നേ കാല് കോടി രൂപ കിട്ടാനുണ്ടെന്ന് ഒരു കരാറുകാരന് തന്നെ പറഞ്ഞുവെന്നും ബില്ലുകള്‍ എഴുതാന്‍ മാത്രം എന്‍ജിനീയറിംഗ് വിഭാഗത്തിന് രണ്ടുദിവസം അനുവദിക്കണമെന്നും സി.സി. ഷിബിനും പറഞ്ഞു. തുടര്‍ന്നാണ് ബില്ലുകള്‍ എത്രയുംവേഗം കൊടുക്കണമെന്ന് പറഞ്ഞ ചെയര്‍പേഴ്സണ്‍ ഇനി ഭരണസമിതിയുടെ കാലാവധി കഴിയുകയാണെന്നും ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.
എന്നാല്‍, കഴിഞ്ഞ ദിവസം 15 ബില്ലുകള്‍ ട്രഷറിക്ക് കൊടുത്തിട്ടുണ്ടെന്നും 24 നിര്‍മാണ പ്രവൃത്തികള്‍ ടെൻഡര്‍ ഘട്ടത്തിലാണെന്നും എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വാര്‍ഡ് അഞ്ചിലെ കണക്കന്കുളം, വാര്‍ഡ് 35 ലെ തുറുകായ് കുളം എന്നിവ കുളങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
പട്ടണഹൃദയത്തിലുള്ള ഞൗരിക്കുളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ സ്വന്തം ചിലവില്‍ ചെയ്യാന്‍ തയ്യാറാണെന്നും കുളത്തെ നീന്തല്‍ പരിശീലന കേന്ദ്രമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് താന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്കിയ അപേക്ഷ ഇതുവരെ അജൻഡയില്‍ വന്നിട്ടില്ലെന്നും സിപിഐ കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍ വിമര്‍ശിച്ചു. ഒക്ടോബര്‍ മാസത്തില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളോത്സവം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.