സ്ലാബുകള്‍ തകര്‍ന്നു
1588554
Tuesday, September 2, 2025 12:59 AM IST
പുതുക്കാട്: കെഎസ്ആര്‍ടിസി സ്റ്റാൻഡിന് എതിര്‍വശത്ത് ദേശീയപാതയിലെ കാനകള്ക്കുമുകളിലെ സ്ലാബുകള്‍ തകര്‍ന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു.
ദേശീയപാതയില്‍ ആളുകള്‍ ബസ് കയറാന്‍ നില്ക്കുന്നതിനുമുന്നിലായുള്ള കാനകള്‍ക്ക് മുകളിലെ സ്ലാബുകളാണ് തകര്‍ന്നത്. അപകടങ്ങള്‍ പതിവായതോടെയാണ് കെഎസ്ആര്‍ടിസി സ്റ്റാൻഡിനുമുന്നിലെ ഡിവൈഡര്‍ അടച്ചത്. അതിനുശേഷം തൃശൂര്‍ ഭാഗത്തേയ്ക്കുപോകുന്ന ബസുകള്‍ സ്റ്റാൻഡിലേക്കുകയറാതെ എതിര്‍വശത്തുള്ള സര്‍വീസ് റോഡില്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റിയിറക്കുന്നത്.
എതിര്‍വശത്തുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിലേക്കും ട്രഷറിയിലേക്കും പഞ്ചായത്തിലേക്കും എത്തുന്നവര്‍ സ്ലാബ് തകര്‍ന്നത് അറിയാതെ ദേശീയപാത മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോള്‍ കാല് കുഴിയില്‍പെട്ട് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. കാനകള്‍ മൂടാന്‍ ഉപയോഗിച്ചിരിക്കുന്ന സ്ലാബുകള്‍ക്ക് വേണ്ടത്ര ഉറപ്പില്ലെന്നും അതിന് മുകളില്‍ ബസ് കാത്തുനില്ക്കുന്നവര് സ്ലാബുകള്‍ തകര്‍ന്ന് അപകടത്തില്‍പെടാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. രാത്രി ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ തോന്നിയ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തുന്നതാണ് മറ്റൊരു പ്രധാനപ്രശ്നം. പല ബസുകളും ഇപ്പോഴും നിര്‍ത്തുന്നത് ദേശീയപാതയില്‍ തന്നെ പല സ്ഥലങ്ങളിലായാണ്. സര്‍വീസ് റോഡില്‍ കയറ്റിനിര്ത്തണമെന്ന കര്‍ശന നിര്‍ദേശം ലംഘിച്ചാണ് ബസുകള്‍ ദേശീയപാതയില്‍ നിര്‍ത്തുന്നത്. ബസ് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങുന്നതും ബസ് കയറാനായി ഓടുന്നതും തകര്‍ന്ന സ്ലാബുകള്‍ക്ക് മുകളിലൂടെയാണ്. കാനകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന തകര്‍ന്ന സ്ലാബുകള്‍ മാറ്റി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.