കുടുംബശ്രീ ഫുഡ്കോർട്ടിൽ വനസുന്ദരി ചിക്കനാണ് വൈറൽ
1588537
Tuesday, September 2, 2025 12:58 AM IST
തൃശൂർ: പച്ചക്കറിവിഭവങ്ങളും സദ്യയും പായസവുമൊക്കെയാണ് ഓണക്കാലത്തെ പതിവെങ്കിലും ടൗണ്ഹാളിൽ നടക്കുന്ന കുടുംബശ്രീ ഓണംമേളയിലെ ഫുഡ്കോർട്ടിൽ അട്ടപ്പാടിയിൽനിന്നുള്ള വനസുന്ദരി ചിക്കനാണ് വൈറൽ.
അട്ടപ്പാടിയിൽനിന്നുള്ള ആദിവാസിസമൂഹങ്ങൾ തയാറാക്കുന്ന പ്രത്യേക വിഭവമാണ് വനസുന്ദരി ചിക്കൻ. മുന്പ് സംഗീതനാടക അക്കാദമിയുടെ നാടകോത്സവത്തോടനുബന്ധിച്ചുള്ള ഫുഡ്കോർട്ടിലും വനസുന്ദരി ഹിറ്റായിരുന്നു.
അട്ടപ്പാടി ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് വനസുന്ദരി ചിക്കൻ തയാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേർത്തരച്ച കൂട്ടിലേക്കു വേവിച്ച ചിക്കൻ ചേർത്ത് കല്ലിൽവച്ച് പൊള്ളിച്ച് ചതച്ചെടുത്താൽ വനസുന്ദരി തയാർ എന്ന് എളുപ്പത്തിൽ പറയാം.
വനസുന്ദരി ചിക്കനിലെ പ്രധാന ചേരുവ കോഴിജീരകം അഥവാ കാട്ടുജീരകമാണ്. അട്ടപ്പാടിയിൽ കാണപ്പെടുന്ന ഒരുതരം ജീരകമാണിത്.
സവാളയും തക്കാളിയും ഉണക്കമുളകും എണ്ണയിൽ വാട്ടിയെടുത്ത് അരച്ചെടുത്ത ചമ്മന്തിയും സാലഡും കൂട്ടിയാണ് വനസുന്ദരി കഴിക്കേണ്ടതെന്ന് അട്ടപ്പാടിയിൽനിന്നുള്ള കുടുംബശ്രീ അംഗങ്ങൾ പറയുന്നു.
ഔഷധഗുണങ്ങളേറെയുള്ളതാണത്രെ വനസുന്ദരി ചിക്കൻ. കേരളത്തിലെ വിവിധയിടങ്ങളിൽ വനസുന്ദരിയെയുംകൊണ്ട് അട്ടപ്പാടിയിൽനിന്നുള്ള കുടുംബശ്രീ അംഗങ്ങൾ പോയിട്ടുണ്ട്. ചെന്നിടത്തെല്ലാം സൂപ്പർഹിറ്റായ അനുഭവംമാത്രമാണുള്ളത്.
വനസുന്ദരി ചിക്കൻ
മെനു
ഒരു കോഴി നാലു പീസാക്കി മണ്കലത്തിലിടണം. മൂന്നു ചെറുനാരങ്ങ ഇതിലേക്കു പിഴിഞ്ഞൊഴിക്കണം. എന്നിട്ട് ഉപ്പുചേർത്തു വേവിക്കുക. നാരങ്ങയ്ക്കുപകരം വിനാഗിരി ചേർത്താലും മതി. കാന്താരിമുളക്, പച്ചക്കുരുമുളക്, മല്ലിയില, പുതിനയില, പിന്നെ അട്ടപ്പാടിയിൽമാത്രം കിട്ടുന്ന കോഴിജീരകം (ഒരുതരം ഇല), പാലക്ക്, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾപ്പൊടി എന്നിവയെല്ലാം അരച്ചു കറിയിലേക്കു ചേർത്തു തിളപ്പിക്കുക. കോഴി വെന്തുവരുന്പോൾ ഇരുന്പുചട്ടിയിലോ തവയിലോ ഇട്ട് ഉളിപോലെയുള്ള സ്ക്രാപ്പർ ഉപയോഗിച്ചു കൊത്തിക്കൊത്തി ഇഞ്ചപ്പരുവമാക്കിയാൽ അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരി വിളന്പാം.