സഭ ആധുനിക വാർത്താവിനിമയസാധ്യത ഉപയോഗിക്കണം: മാർ താഴത്ത്
1588219
Sunday, August 31, 2025 7:51 AM IST
തൃശൂർ: ആധുനിക വാർത്താവിനിമയരംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി സഭയുടെ പ്രവാചകദൗത്യം നിർവഹിക്കണമെന്നു സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. ആധുനികകാലഘട്ടത്തിന്റെ പ്രവാചകദൗത്യത്തിനും സുവിശേഷപ്രഘോഷണത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രയോജനപ്പെടുത്തണമെന്നും ഇതിലൂടെ ഡിജിറ്റൽ മിഷനറിമാരാകണമെന്നും സെന്റ് തോമസ് കോളജ് മെഡ്ലിക്കോട്ട് ഹാളിൽ നടന്ന അതിരൂപത മാധ്യമദിനാഘോഷം ഉദ്ഘാടനംചെയ്ത് ബിഷപ് പറഞ്ഞു.
സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ പിആർഒ ടോമി ഓലിക്കരോട്ട് മുഖ്യപ്രഭാഷണം നടത്തി. മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, ഫാ. ജോസ് വല്ലൂരാൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. സിംസണ്‍ ചിറമൽ, പ്രസിഡന്റ് ജോർജ് ചിറമൽ, എ.ഡി. ഷാജു, ബാബു ചിറ്റിലപ്പള്ളി, ജോജു മഞ്ഞില, ഫ്രാങ്കോ ലൂയിസ്, ജോയ് മണ്ണൂർ, ടോജോ മാത്യു, ഷിന്റോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലി പുരസ്കാരം സിസ്റ്റർ ലിസ്മി സിഎംസിക്കു സമ്മാനിച്ചു. രൂപത പബ്ലിക്കേഷൻസ് വകുപ്പ് നടത്തിയ പാരിഷ് ബുള്ളറ്റിൻ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.