മുസിരിസ് ഓണനിലാവ് ഇന്നുമുതൽ ഏഴുവരെ
1588541
Tuesday, September 2, 2025 12:58 AM IST
കൊടുങ്ങല്ലൂർ: മുസിരിസ് ഓണനിലാവ് ഇന്നുമുതൽ ഏഴുവരെവരെ നടക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി എംഡി ഷാരോൺ വീട്ടിൽ അറിയിച്ചു.
കേരള വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായി സാംസ്കാരിക സ്മൃതികളെ സംരക്ഷിക്കുകയും ചരിത്രത്തിന്റെ തെളിവടയാളങ്ങളായി അവയെ നിലനിർത്തുകയും ചെയ്തുകൊണ്ട് വിനോദസഞ്ചാരത്തിന് പുതിയ മാതൃകകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് മുസിരിസ് പൈതൃക പദ്ധതി. ഈവര്‍ഷം വിവിധ പദ്ധതി പ്രദേശങ്ങളിലായി ഓണാഘോഷം സംഘടിപ്പിക്കുന്നു.
‘ഓണനിലാവ് 2025’ എന്ന പേരിൽ സംസ്ഥാന വിനോദ സഞ്ചാരവകുപ്പിനോടൊപ്പം മുസിരിസ് പൈതൃക പ്രദേശങ്ങളെ കോർത്തിണക്കിക്കൊ ണ്ട് എല്ലാ വിഭാഗം ജനങ്ങളേയും ഓണാഘോഷത്തിന്റെ ഭാഗമാക്കി നാടിന്റെ ഉത്സവത്തിന് തിരി കൊളുത്തുകയാണെന്ന് മുസിരിസ് മാനേജിംഗ് ഡയറക്ടർ ഷാരോൺവീട്ടിൽ പറഞ്ഞു.
ഇന്ന് ശാന്തിപുരം പി.എ. സൈ ദ് മുഹമ്മദ് മെമ്മോറിയൽ ലൈബ്രറിയിൽ റവന്യൂ മന്ത്രി കെ. രാജൻ ഓണാഘോഷ പരിപാടികൾ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഇ.ടി ടൈസണ്‍ മാസ്റ്റർ എംഎല്‍എ അധ്യക്ഷത വഹിക്കും. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളും ബിആർസിയുമായി സഹകരിച്ച് പൂക്കളമത്സരം നടക്കും.
മുസിരിസ് പൈതൃക പദ്ധതിയും മതിലകം ഗ്രാമപഞ്ചായത്തും മതിലകം പൈതൃക കലാകായിക കൂട്ടായ്മയും സംയുക്തമായി ഏഴിന് ഉച്ചയ്ക്ക് രണ്ടു മുതൽ മതിലകം ബംഗ്ലാകടവിൽ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. അഞ്ചിന് വൈകീട്ട് ഏഴിന് ഡിടിപിസിയുടെ സഹകരണത്തിൽ സംഗീത നിശ.
കൊടുങ്ങല്ലൂര്‍ മേഖലയിലെ ഓണാഘോഷങ്ങൾ മൂന്നിന് വൈകീട്ട് അഞ്ചിന് കോട്ടപ്പുറം വാട്ടർ ഫ്രണ്ടില്‍ ഓൺ ദി ഫ്ലോർ അക്കാദമി അവതരിപ്പിക്കുന്ന ആരവം മെഗാ ഈവന്റിലൂടെ ആരംഭിക്കും. ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നാലിന് വൈകീട്ട് ആറിന് അഡ്വ. വി.ആർ. സുനിൽകുമാർ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ അമല്‍ ദേവ് നയിക്കുന്ന മെജസ്റ്റിക് 90സ് ബാൻഡ് അവതരിപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക് ഷോ.
ഓണാഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങലൂർ കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, പറവൂർ തട്ടുകടവ് വാട്ടർ ഫ്രണ്ട്, അഴീക്കോട് മുനക്കൽ മുസിരീസ് ബീച്ച് എന്നിവിടങ്ങളിൽ ദീപാലങ്കാരങ്ങൾ കൂടി ഉണ്ടാകും.