മാപ്രാണം പള്ളിയില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ 13 മുതല്‍
1588543
Tuesday, September 2, 2025 12:58 AM IST
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ 13, 14, 15 തീയതികളില്‍ ആഘോഷിക്കും. നാലിന് രാവിലെ 6.30ന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തിരുനാൾ കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്ന് ലത്തീന്‍ റീത്തില്‍ ദിവ്യബലി. തുടര്‍ന്ന് 12 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6.30ന് പള്ളിയില്‍ പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, വിശുദ്ധ കുരിശിന്റെ നൊവേന. വൈകീട്ട് 5.30ന് സെന്റ്് ജോണ്‍ കപ്പേളയില്‍ ലദീഞ്ഞ്, വിശുദ്ധ കുരിശിന്റെ നൊവേന, സന്ദേശം എന്നിവ ഉണ്ടായിരിക്കും.
12ന് വൈകീട്ട് 6.45ന് കുരിശ് ജംഗ്ഷനിലെ ബഹുനിലപന്തലിന്റെയും ഏഴിന് മാപ്രാണം സെന്ററിലെ ബഹുനിലപന്തലിന്റെയും 7.15ന് ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തിന്റെയും ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം നടക്കും. 13ന് രാവിലെ 6.30ന് കൂടുതുറക്കല്, പ്രസുദേന്തിവാഴ്ച, സമൂഹബലി, പ്രതിഷ്ഠാകുരിശ് വെക്കല്‍ തുടങ്ങിയ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. ഡേവിസ് ചാലിശേരി വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വദിക്കും. തുടര്‍ന്ന് തിരുഹൃദയപ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവെക്കല്‍ എന്നിവക്ക് വികാരി ഫാ. ജോണി മേനാച്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലിജോ മണിമലക്കുന്നേല്‍ സന്ദേശം നല്‍കും. വൈകീട്ട് അഞ്ചിന് കുരിശിനന്റെ കപ്പേളയില്‍ വഴിപാട് തിരികള്‍ തെളിയിക്കല്‍, ഏഴിന് വര്‍ണമഴ, 7.30ന് പുഷ്പകുരിശ് എഴുന്നള്ളിപ്പ്.
തിരുനാള്‍ദിനമായ 14ന് രാവിലെ 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും. ആലുവ ഡി പോള്‍ വിന്‍സന്‍ഷ്യന്‍ സെമിനാരി റെക്ടര്‍ ഫാ. ബിജു കൂനന്‍ വിസി തിരുനാള്‍ സന്ദേശം നല്‍കും. മാപ്രാണം പള്ളി അസി. വികാരി ഫാ. ഡിക്സന് കാഞ്ഞൂക്കാരന്‍ സഹകാര്‍മികനായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, പ്രതിഷ്ഠാകുരിശ് നഗരി കാണിക്കല്‍, രാത്രി ഏഴിന് പ്രദക്ഷിണ സമാപനം, വിശുദ്ധ കുരിശിന്റെ ആശീര്‍വാദം, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബിക്കല്‍, പ്രതിഷ്ഠാകുരിശ് പുനഃപ്രതിഷ്ഠിക്കല്, വര്‍ണമഴ.
15ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.15ന് സകലമരിച്ചവര്ക്കും വേണ്ടി സമൂഹബലി, സെമിത്തേരിയില്‍ ഒപ്പീസ്. രാത്രി ഏഴിന് തൃശൂര്‍ കലസദന്റെ നാടകം "എന്റെ പിഴ'. 21ന് എട്ടാമിട ദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, നേര്‍ച്ച ഊട്ട് വെഞ്ചരിപ്പ്, ഒമ്പതിന് ആഘോഷമായ തിരുനാള്ദിവ്യബലിക്ക് ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍ ജോളി വടക്കന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബിക്കല്‍. 10 മുതല്‍ രണ്ട് വരെ സ്നേഹാഞ്ജലി ഹാളില്‍ കുരിശുമുത്തപ്പന്റെ നേര്‍ച്ച ഊട്ട്, വൈകീട്ട് 4.30ന് ദിവ്യബലി, ഏഴിന് മെഗാ ഷോ.
തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ഡിക്സന് കാഞ്ഞൂക്കാരന്‍, കൈക്കാരന്മാരായ ജോണ്‍ പള്ളിത്തറ, ആന്റണി കള്ളാപറമ്പില്‍, ബിജു തെക്കേത്തല, പോളി പള്ളായി, പബ്ലിസിറ്റി കണ്‍വീനര്‍ സെബി കള്ളാപറമ്പില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.