ആയിരം വില്ലേജ് ഓഫീസുകൾ പുതിയ രൂപത്തിലും ഭാവത്തിലും
1588821
Wednesday, September 3, 2025 1:11 AM IST
ശ്രീനാരായണപുരം: ആയിരം വില്ലേജ് ഓഫീസുകൾ പുതിയ രൂപത്തിലും ഭാവത്തിലും മാറ്റംവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. "എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സർക്കാരിന്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആല പനങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനായി 30 സെന്റ് സ്ഥലം അനുവദിച്ചു നൽകിയ പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജിക്കും, ഭാര്യ ഹാജിറയ്ക്കും സംസ്ഥാന സർക്കാരിന്റെ പേരിൽ പ്രത്യേക നന്ദിയും ആദരവും മന്ത്രി അറിയിച്ചു. 30 സെന്റിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മാത്രമല്ല കയ്പമംഗലം നിയോജകമണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനുള്ള ഭരണാനുമതി സെപ്റ്റംബർ മാസത്തിൽ തന്നെ നൽകി നിർമാണം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആല പനങ്ങാട് വില്ലേജ് ഓഫീസ് കേരളത്തിലെ 629 മത്തെ സ്മാർട്ട് വില്ലേജ് ഓഫീസായി യാഥാർഥ്യമാകുകയാണ്. 839 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ട്.
ഇ.ടി.ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി. കെ.ഗിരിജ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം.എസ്. മോഹനൻ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കന്മാർ, എന്നിവർ പങ്കെടുത്തു.