ഓണം കളറാക്കാൻ മേളകളുടെ മേളം
1588538
Tuesday, September 2, 2025 12:58 AM IST
തൃശൂർ: ഓണക്കാലത്തു മേളകളുടെ മേളമാണ് തൃശൂരിലും പരിസരത്തും. വിവിധ ഉത്പന്ന വിപണനമേളകൾ നഗരത്തിലും ജില്ലയുടെ പലഭാഗങ്ങളിലും തുടങ്ങിയിട്ടുണ്ട്. ഓണം കളറാക്കാനും പൊലിപ്പിക്കാനും ആഘോഷിക്കാനും വേണ്ടതെല്ലാം മേളകളിലുണ്ട്.
കുടുംബശ്രീയുടെ ഓണം വിപണനമേള ടൗണ്‍ഹാളിൽ തുടരുന്നു. നല്ല തിരക്കാണിവിടെ. അന്‍പതോളം സ്റ്റാളുകളും ഫുഡ്കോർട്ടുമാണ് ഒരുക്കിയിട്ടുള്ളത്. കായവറുത്തതും ശർക്കരവരട്ടിയും വിവിധതരം പായസങ്ങളും അച്ചാറുകളുടെ വലിയ ശേഖരവും ഇവിടെ റെഡി. ഓണക്കോടിയെടുക്കാനും സ്റ്റാളുകൾ ഇഷ്ടംപോലെ.
മില്ലറ്റുകളുടെ വൈവിധ്യമാർന്ന വലിയൊരു ശേഖരമാണ് മറ്റൊരു സവിശേഷത. അട്ടപ്പാടിയിൽനിന്നുള്ള വ്യത്യസ്ത മില്ലറ്റുകളും പൊടികളും മറ്റ് ഉത്പന്നങ്ങളും മേളയിലുണ്ട്. തലവേദനയും മൂക്കടപ്പും ശരീരവേദനയുമൊക്കെ പൊടുന്നനെ മാറാനുള്ള കാട്ടുള്ളിത്തൈലത്തിനും ധാരാളം ആവശ്യക്കാരുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിച്ച വിവിധ ഉത്പന്നങ്ങൾ കൗതുകം പകരുന്നവയാണ്.
രാവിലെ പത്തുമുതൽ രാത്രി ഒന്‍പതുവരെയാണ് ടൗണ്‍ഹാളിലെ മേള.
ബേക്കറി-അടുക്കള ഉപകരണങ്ങൾ മുതൽ ഒരു കുടുംബത്തിലേക്കാവശ്യമായതെല്ലാം തേക്കിൻകാട് മൈതാനിയിൽ തൃശൂർ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വ്യവസായ-കൈത്തറി പ്രദർശന വിപണനമേളയിലുണ്ട്. 7000 സ്ക്വയർഫീറ്റിൽ 55 സ്റ്റാളുകളിലായി അറുപതിൽപ്പരം എംഎസ്എംഇ സംരംഭകരുടെയും ആറ് കൈത്തറിസംഘങ്ങളുടെയും ഉൽപ്പന്നങ്ങൾ വിപണനത്തിനായുണ്ട്. നാളെവരെ രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനസമയം. പ്രവേശനം സൗജന്യമാണ്.
പല സഹകരണസംഘങ്ങളും കൂട്ടായ്മകളും ഓണംമേളകൾ പലയിടത്തായി സംഘടിപ്പിച്ചിട്ടുണ്ട്. ആളുകളെ ആകർഷിക്കാൻ ഓഫറുകളും ഡിസ്കൗണ്ടുമെല്ലാം മേളകൾ നല്‍കുന്നുമുണ്ട്.