അന്നമൂട്ടുന്ന കർഷകരെ സർക്കാർ അവഗണിക്കുന്നു: ജോസഫ് ടാജറ്റ്
1588803
Wednesday, September 3, 2025 1:11 AM IST
തൃശൂർ: അന്നമൂട്ടുന്ന കർഷകരെ പിണറായിസർക്കാർ അവഗണിക്കുന്നുവെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. പട്ടിണിയിലും വറുതിയിലും ഓണമാഘോഷിക്കേണ്ട സാഹചര്യത്തിലേക്കു കർഷകരെ എത്തിച്ചതു സർക്കാരിന്റെ പിടിപ്പുകേടാണ്. സംഭരിക്കുന്ന നെല്ലിന്റെ വില നേരിട്ടുനൽകാതെ ബാങ്ക് വഴി വായ്പയായി നൽകുന്പോൾ ഒരിക്കലും മറ്റു ബാങ്കുകളിൽനിന്നു വായ്പ ലഭിക്കാത്ത രീതിയിലേക്കു സർക്കാർ കർഷകരെ എത്തിച്ചു.
നെല്ല് സംഭരിക്കുന്പോൾതന്നെ കർഷകർക്കു നേരിട്ടു പണംനൽകാൻ സർക്കാർ തയാറാകണമെന്നും കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനുമുന്നിൽ നടന്ന ധർണ ഉദ്ഘാടനംചെയ്തുകൊണ്ട് ജോസഫ് ടാജറ്റ് പറഞ്ഞു.
സംഭരിച്ച നെല്ലിന്റെ വില ഓണത്തിനുമുന്പ് കർഷകർക്കു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ.
ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ അഡ്വ. വി. സുരേഷ് കുമാർ, അഡ്വ. സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻഖാൻ, കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ബി. സജീവൻ, കെ.എൻ. സജീവൻ, മിനി വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.