ചാലക്കുടി നഗരസഭ ഓണം ഫെസ്റ്റ് ഇന്നുമുതൽ
1588540
Tuesday, September 2, 2025 12:58 AM IST
ചാലക്കുടി: നഗരസഭ കലാ- സാംസ്കാരിക - സാമൂഹ്യസംഘടനകളുടെ സഹകരണത്തോടെ കലാഭവൻ മണി പാർക്കിൽ ഓണം ഫെസ്റ്റ് - 2025 ഒരുക്കുന്നു. ഇന്നു മുതൽ ഏഴുവരെ എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ ഒന്പതുവരെയാണ് വിവിധ പരിപാടികൾ.
കലാഭവൻ മണി പാർക്കിൽ പ്രത്യേകം ഒരുക്കുന്ന വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. കുടുംബശ്രീ സിഡിഎസ്, ക്രാക്റ്റിന്റെ നേതൃത്വത്തിൽ റെസിഡൻസ് അസോ സിയേഷനുകൾ, മഹാത്മാ കളരി സംഘം തുടങ്ങിയ വിവിധ സംഘടനകളും ഡോ. ആർഎൽ വി രാമകൃഷ്ണൻ, കലാഭവൻ ജയൻ, തുമ്പൂർ സുബ്രഹ്മണ്യൻ, മുരളി ചാലക്കുടി, പ്രദീപ് പൂലാനി എന്നീ കലാകാരൻമാരുടെ നേതൃത്വത്തിലും വിവിധ ദിവസങ്ങളിൽ കലാപരിപാടികൾ നടത്തും.
കൈകൊട്ടക്കളി മത്സരം, തിരുവാതിരക്കളി മത്സരം, നാടൻപാട്ട്, എന്നിവയും ഓണം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.കലാഭവൻ മണി പാർക്കിലെ പാട്ടുപുര കലാകാരൻമാരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും ഒരുക്കും. കലാ- സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ രംഗങ്ങളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിക്കും. ഓണത്തോടനുബന്ധിച്ച വിവിധ സൗഹൃദ മത്സരങ്ങളും സംഘടിപ്പിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് കലാഭവൻ മണിപാർക്കിൽ ദീപാലങ്കാരം നടത്തും.
പത്രസമ്മേളനത്തിൽ ചെയർപേഴ്സൺ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി,യു ഡി എഫ് ലീഡർ ബിജു എസ്. ചിറയത്ത്, എൽഡിഎഫ് ലീഡർ സി.എസ് . സുരേഷ്, മുൻ ചെയർപേഴ്സൺ വി.ഒ. പൈലപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശ്, ജോർജ് തോമാസ്, ബിന്ദു ശശികുമാർ, ജോജി കാട്ടാളൻ എന്നിവർ പങ്കെടുത്തു.