കോണ്‍ഗ്രസിന്റെ യുവജനവിഭാഗത്തെ തകർക്കാൻ ശ്രമം: കെ. മുരളീധരൻ
1588340
Monday, September 1, 2025 1:38 AM IST
തൃശൂർ: ലൈംഗികാരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനും കുറ്റം തെളിയിക്കാൻ കുറ്റം ആരോപിച്ചവർക്കും അവസരമുണ്ടെന്നും അതിന്റെ ഫലം പുറത്തുവന്നശേഷമാകാം സംഘംചേർന്നുള്ള ആക്രമണമെന്നും കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ.
സ്ത്രീപീഡനക്കേസിൽ എഫ് ഐആർ രജിസ്റ്റർ ചെയ്ത മുകേഷ് ഇപ്പോഴും എംഎൽഎ ആയി തുടരുന്പോൾ കുറ്റപത്രം പോലും ഫയൽ ചെയ്തിട്ടില്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നു സിപിഎമ്മും ബിജെപിയും മുറവിളി കൂട്ടുന്നതിന്റെ ന്യായമെന്തെന്നും അദ്ദേഹം ചോദിച്ചു. തൃശൂർ നോർത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കണ്വൻഷൻ പൂങ്കുന്നം മുരളീമന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും സിപിഎമ്മും പിആർ ഏജൻസികളെ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ യുവജനവിഭാഗത്തെ തകർക്കാനുള്ള വലിയ ശ്രമങ്ങൾ ഇപ്പോൾ കേരളത്തിൽ നടത്തുന്നു. ആരും രേഖാമൂലമോ അല്ലാതെയോ പരാതി പറയാതിരുന്നിട്ടും ഷാഫി പറന്പിലിനെ നിലവിലെ വിഷയവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതു ശരിയല്ല. ജനങ്ങൾ തെരഞ്ഞെടുത്ത എംപിയാണു ഷാഫി. അകാരണമായി ജനപ്രതിനിധിയെ തെരുവിൽ തടയുന്നതു പ്രതിഷേധാർഹമാണെന്നും മുരളീധരൻ പറഞ്ഞു.
നോർത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ. ആശിഷ് മൂത്തേടത്ത്, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, പി. ശിവശങ്കരൻ, സജീവൻ കുരിയച്ചിറ, കെ. ഗിരീഷ് കുമാർ, കെ.പി. രാധാകൃഷ്ണൻ, എ.കെ. സുരേഷ്, കുരിയൻ മുട്ടത്ത്, പി. അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.