ഓണക്കാലത്തു പ്രതിഫലമില്ലാതെ ഓവർടൈം ജോലിയെടുപ്പിച്ചാൽ നടപടി: കളക്ടർ
1588222
Sunday, August 31, 2025 7:51 AM IST
തൃശൂർ: ഓണക്കാലത്തു കടകളിൽ സ്ത്രീകളടക്കമുള്ള തൊഴിലാളികളെ ഓവർടൈം നിർത്തി പ്രതിഫലമില്ലാതെ ജോലി എടുപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ലേബർ ഓഫീസർക്കു നിർദേശം നൽകി.
അത്തരക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. ജില്ലയിൽ വിവിധ വകുപ്പുകളുടെ പദ്ധതിപുരോഗതി അവലോകനം ചെയ്യാൻ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചാവക്കാട് ബീച്ചിൽ ഫിഷറീസ് ഉന്നതിയിൽ അങ്കണവാടി പണിയുന്നതിനു മൂന്നു സെന്റ് ഭൂമി സാമൂഹികനീതി വകുപ്പിനു കൈമാറാൻ നടപടി വേഗത്തിലാക്കും. ജീർണാവസ്ഥയിലുള്ള അളഗപ്പനഗർ ഇഎസ്ഐ കെട്ടിടം ഉടൻ പൊളിച്ചുമാറ്റാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.
എംഎൽഎമാരായ എൻ.കെ. അക്ബർ, കെ.കെ. രാമചന്ദ്രൻ, ഇ.ടി. ടൈസണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.