വിഭവസമൃദ്ധം; ഓണസദ്യ വിളിപ്പുറത്ത്
1588342
Monday, September 1, 2025 1:38 AM IST
രാജേഷ് പടിയത്ത്
തൃശൂർ: ഓണസദ്യയ്ക്കു നാടൊരുങ്ങുന്പോൾ ഇക്കുറിയും റെഡിമെയ്ഡ് ഓണസദ്യകൾക്കു ഡിമാൻഡ് ഏറെ. ഒരു ഫോണ്കോളിലും വാട്സാപ്പ് സന്ദേശത്തിലും പത്തുമുപ്പതു വിഭവങ്ങളുള്ള ഓണസദ്യ വീട്ടിലെത്തുമെങ്കിലും വില അല്പം കടുപ്പമാണിത്തവണ. തേങ്ങ- വെളിച്ചെണ്ണവില, പച്ചക്കറിവില എന്നിവയിലെ വൻവർധന തന്നെ പറയുന്ന കാരണം.
വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കാനുള്ള തത്രപ്പാടിൽനിന്നു വീട്ടമ്മമാർക്കൊരു മോചനമാണ് റെഡിമെയ്ഡ് ഓണസദ്യകൾ. ഉത്രാടം മുതൽ റെഡിമെയ്ഡ് സദ്യ തയാറാകുന്നുണ്ട്. കാറ്ററിംഗ് സർവീസുകാരും പ്രമുഖ ഹോട്ടലുകാരും ചില ബേക്കറികളും ഓണസദ്യ പാക്കേജ് ഒരുക്കുന്നുണ്ട്. പലയിടത്തും ഇതിനകംതന്നെ ഓണസദ്യയുടെ ബുക്കിംഗ് ക്ലോസ് ചെയ്തുകഴിഞ്ഞു.
സദ്യക്ക് ഇലയൊന്നിന് 200 രൂപ മുതൽ അഞ്ചുപേർക്കു 3999 രൂപവരെയുള്ള വിവിധ പാക്കേജുകളുണ്ട്. മാളുകൾ കേന്ദ്രീകരിച്ചു ഭക്ഷണശാലകൾ നടത്തുന്ന സ്ഥാപനങ്ങളാണു വൻതുക ഈടാക്കിയുള്ള ഫാമിലി പാക്കേജ് സദ്യകൾ വീട്ടിലെത്തിക്കുന്നത്.
ബുക്ക് ചെയ്താൽ പിന്നെ വീട്ടുകാർ കൈകഴുകി കഴിക്കാനിരുന്നാൽമതി. വിഭവങ്ങൾക്കൊപ്പം ഇലയും ഗ്ലാസുമടക്കം വീട്ടിലെത്തും. ചോറ്, സാന്പാർ, അവിയൽ, പരിപ്പുകറി, കാളൻ, തോരൻ, ഓലൻ, സ്റ്റ്യൂ, കൂട്ടുകറി, പൈനാപ്പിൾ കറി, രസം, മോര്, അച്ചാർ, പുളിയിഞ്ചി, പച്ചടി, കിച്ചടി, ഇഞ്ചിത്തൈര്, പപ്പടം, കായവറുത്തത്, ശർക്കര ഉപ്പേരി, കൊണ്ടാട്ടം, പഴം, പാലടപ്രഥമൻ, പരിപ്പ് പ്രഥമൻ എന്നിവയടങ്ങുന്നതാണു മിക്ക റെഡിമെയ്ഡ് സദ്യകളും. മട്ടയരിച്ചോറു വേണമെങ്കിൽ അതും വെള്ള അരി വേണമെങ്കിൽ അതും റെഡി.
മൂന്ന്, അഞ്ച്, ഏഴ് തുടങ്ങി ഒരു കുടുംബത്തിലെ എത്രപേർക്കു കഴിക്കാനുള്ള പാക്കേജും ലഭ്യമാണ്. തിരുവോണനാളിൽ സദ്യക്കിറ്റ് നേരിട്ടു വീട്ടിലെത്തിക്കാനും പലരും റെഡി. ഓരോ വർഷം കഴിയുംതോറും റെഡിമെയ്ഡ് ഓണസദ്യയ്ക്ക് ആവശ്യക്കാരേറുകയാണെന്നു കാറ്ററിംഗുകാർ പറയുന്നു. ഉത്രാടത്തലേന്നു പല ഓഫീസുകളും ഓണാവധിക്ക് അടയ്ക്കുന്നതിനാൽ പൂരാടം ദിവസത്തേക്കും ധാരാളം ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
സോഷ്യൽമീഡിയ വഴി തങ്ങളുടെ സദ്യയുടെ വിവരങ്ങളും പരസ്യങ്ങളുംനൽകി ആളുകളെ ആകർഷിക്കാൻ ഡിജിറ്റൽ മാർക്കറ്റിംഗ് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് സദ്യയൊരുക്കുന്നവർ. റെഡിമെയ്ഡ് സദ്യ വാങ്ങിയാൽ തങ്ങൾക്ക് കുടുംബാംഗങ്ങളുമായി എവിടേക്കെങ്കിലും യാത്ര പോകാനോ ടിവി ചാനലുകളിലെ ഓണം സ്പെഷൽ പരിപാടികൾ കണ്ടിരിക്കാനോ ഒക്കെ സമയം കിട്ടുമെന്നതാണ് ‘ഓണം നൊസ്റ്റു’ ഒന്നുമില്ലാത്ത പുത്തൻവീട്ടമ്മമാരുടെ സന്തോഷം.
ഓണം റെസ്റ്റെടുത്ത് അടിച്ചുപൊളിക്കാതെ അടുക്കളയിൽ മുഴുവൻ സമയവും ചെലവഴിച്ചിട്ടെന്തു കാര്യമെന്നും അവർ ചോദിക്കുന്നു. കാലംമാറുന്പോൾ ഓണത്തിന്റെ കോലവും മാറുകയാണ്; അതു സദ്യയിലായാലും എന്നു മുതിർന്ന ഓണപ്രേമികൾ നെടുവീർപ്പിടുന്നു.