കരിയന്നൂരിലെ കർഷകരുടെ സ്വപ്നം യാഥാർഥ്യമായി
1588811
Wednesday, September 3, 2025 1:11 AM IST
എരുമപ്പെട്ടി: കരിയന്നൂരിലെ കർഷകരുടെ ചിരകാല അഭിലാഷമായ കരിയന്നൂർ പാടശേഖരത്തിലേക്കുള്ള പാലം യാഥാർഥ്യമായി. തൃശൂർ ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് തോടിനുകുറുകെ പാലവും അനുബന്ധ റോഡും നിർമിച്ചത്.
പാടത്തേക്ക് ട്രാക്ടറും വിത്തും വളവും എത്തിക്കാനും കൊയ്തെടുക്കുന്ന വിളവ് കൊണ്ടുപോകാനും പാലം കർഷകർക്ക് സഹായമാകും. കർഷകരുടേയും പാടശേഖര സമിതിയുടേയും അഭ്യർഥനപ്രകാരം ജില്ലാപഞ്ചായത്തംഗം ജലീൽ ആദൂരാണ് പാലത്തിന് ഫണ്ട് അനുവദിച്ചത്. ജലീൽ ആദൂർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എം. സലിം, പഞ്ചായത്ത് സ്ഥിരം അധ്യക്ഷ ഷീജ സുരേഷ്, വാർഡ് മെമ്പർ സതി മണികണ്ഠൻ, മെമ്പർ കെ.ബി. ബബിത, മുൻ മെമ്പർ കുഞ്ഞുമോൻ കരിയന്നൂർ, പാടശേഖരസമിതി ഭാരവാഹികളായ പി.വി. സത്യൻ, ജേക്കബ് ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.