പറപ്പൂക്കര തീർഥകേന്ദ്രത്തിൽ ജൂബിലി ആഘോഷങ്ങൾ തുടങ്ങി
1588544
Tuesday, September 2, 2025 12:58 AM IST
പറപ്പൂക്കര: വിശുദ്ധ ലോനാ മുത്തപ്പന്റെ തീർഥകേന്ദ്രത്തിൽ പതിനാറാം ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് ഷിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് പതാക ഉയർത്തി. രാവിലെ 6.30ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം നടന്ന ചടങ്ങുകൾക്ക് സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോന പള്ളി വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ, അസി. വികാരി ഫാ. ആൽബിൻ പുതുശേരി, കൈക്കാരന്മാരായ ആന്റോ പുല്ലോക്കാരൻ, സിജോ പൊന്തോക്കൻ, റെജിൻ പാലത്തിങ്കൽ, ജൂബിലി ജനറൽ കണ്‍വീനർ ഗ്ലൈസണ് ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ ഓരോ ഭവനങ്ങളിലും നാട്ടാനുള്ള ജൂബിലി പതാകകൾ വിവിധ യൂണിറ്റ് പ്രസിഡന്റുമാർക്ക് ബിഷപ് വിതരണം ചെയ്തു.
2026 ഏപ്രിൽ 19ന് വൈകീട്ട് നാലിന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിലും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ഷിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട്, ബിജ്നോർ രൂപത മെത്രാൻ മാർ വിൻസെന്റ് നെല്ലായിപ്പറന്പിൽ, ഹോസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ എന്നിവരുടെ സഹകാർമികത്വത്തിലും ദിവ്യബലി, തുടർന്ന് മത സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം എന്നിവയോടെ ജൂബിലി ആഘോഷങ്ങൾ സമാപിക്കും.