തൃക്കാക്കരയപ്പന്മാർ ഒരുങ്ങുന്നു
1588343
Monday, September 1, 2025 1:38 AM IST
സി.ജി. ജിജാസൽ
തൃശൂർ: ഉത്രാടസന്ധ്യയിൽ അരിമാവണിഞ്ഞ് പൂക്കൾ ചൂടി തൂശനിലയിൽ അലങ്കരിച്ചൊരുക്കാനുള്ള തൃക്കാക്കരയപ്പന്മാർ വിപണിയിൽ സുലഭം. മണ്ണും മരവും പേപ്പർ പൾപ്പുംകൊണ്ടുള്ള രൂപങ്ങൾക്ക് ഇത്തവണയും ആവശ്യക്കാരേറെ. മഴയൊഴിഞ്ഞ് ആഘോഷങ്ങൾ വർണാഭമാകുന്പോൾ തൃക്കാക്കരയപ്പന്മാരുടെ നിർമാതാക്കളും വില്പനക്കാരും പ്രതീക്ഷയിലാണ്. മൂന്നടി വരെ ഉയരമുള്ള രൂപങ്ങളുണ്ടെങ്കിലും കൂടുതൽ ആവശ്യക്കാരും എത്തുന്നത് ഒരടിയുടെ സെറ്റിനാണ്. 180 രൂപയാണ് ഒരു സെറ്റിന് വില. പലയിടങ്ങളിലും ഇവയുടെ ഗുണനിലവാരത്തിന് അനുസരിച്ച് വിലയിൽ മാറ്റമുണ്ട്.
അരച്ചെടുത്ത കളിമണ്ണ് ഉണക്കാനിട്ട് ഈർപ്പം വലിയുന്നതിനനുസരിച്ച് അടിച്ചുപരത്തിയും രൂപമാക്കിയുമാണ് അതിൽ ഡിസൈനുകൾ നൽകുന്നത്. പിന്നീട് അതിൽ ചായം ചേർത്ത് വീണ്ടും ഉണക്കും. ഇങ്ങനെ പല ഘട്ടങ്ങൾ കടന്നാണ് വിപണിയിലേക്ക് ഇവ എത്തുന്നതെന്ന് കഴിഞ്ഞ അഞ്ചുവർഷമായി വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ കച്ചവടത്തിനെത്തുന്ന ഷൊർണൂർ സ്വദേശി ജയൻ പറഞ്ഞു.
തൃക്കാക്കരയപ്പനെ അലങ്കരിക്കാനായി പ്ലാസ്റ്റിക്കിൽ തീർത്ത പൂക്കളും ഇവർ തന്നെയാണ് ഒരുക്കുന്നത്. ഒന്നിന് 10 രൂപയാണ് വില. പത്തിലേറെ നിറങ്ങളിലും ഡിസൈനുകളിലും ഉള്ള ഇവയിൽ ഇത്തവണ ചെന്പരത്തി, ഡബിൾ കളർ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ. കളിമണ്ണ് കിട്ടാനില്ലാത്തതും വിലകൂടിയതും കച്ചവടക്കാർക്ക് തിരിച്ചടിയാണ്.
കട്ടിക്കടലാസിൽ നിർമിച്ച തൃക്കാക്കരയപ്പന്മാർ ഇത്തവണ സൂപ്പർമാർക്കറ്റുകളിൽ പുതുമയാണ്. മൂന്നെണ്ണം അടങ്ങുന്ന സെറ്റിന് 450 രൂപയാണ് വില.