കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്കു പരിക്ക്
1588226
Sunday, August 31, 2025 7:51 AM IST
കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരി തൂവാനൂരിൽ സ്വകാര്യബസും കെഎസ്ആർടിസി ലോഫ്ലോർ ബസും കൂട്ടിയിടിച്ച് 15 പേർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ 11.15ഓടെയാണ് അപകടം. തൃശൂരിൽനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസും കോഴിക്കോടുനിന്ന് തൃശൂരിലേക്കു വരികയായിരുന്ന വിനോദ് എന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റ വൈക്കം ടിവി പുരം മണ്ണാട്ട് പ്രസാദ് ഭാര്യ ആഷ്ലി(42), പാലക്കാട് ആനക്കര ചോലയിൽ നാരായണൻ ഭാര്യ സുധ(49), മകൾ നവ്യ(22), കുറ്റിപ്പുറം പേരോയി മോഹനൻ ഭാര്യ രാജലക്ഷ്മി(59), ആലപ്പുഴ പുന്നപ്ര പുതുശേരിച്ചിറ ഭാസ്കരൻപിള്ള മകൻ പദ്മകുമാർ(57), ഭാര്യ ദീപ(51), മകൾ ഗായത്രി(25), കോട്ടപ്പടി കാരിക്കുളം ചീരൻ ലാസർ ഭാര്യ ത്രേസ്യ(65), കോട്ടപ്പടി തഴിശേരി കൊട്ടിലിങ്ങൽ മുഹമ്മദ് മകൻ ഷെരീഫ്(34) എന്നിവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. രണ്ടു ബസുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.